ദുബൈ/ന്യൂഡൽഹി: വിദേശത്തുനിന്നും സ്വർണാഭരണങ്ങളുമായി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ പ്രധാന പരാതിക്ക് പരിഹാരമായി (Customs Baggage Rules India). കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ഭേദഗതി അനുസരിച്ച്, കസ്റ്റംസ് ബാഗേജ് നിയമത്തിൽ സ്വർണ്ണത്തിന്റെ മൂല്യത്തിന് (Value) നിശ്ചയിച്ചിരുന്ന പരിധി ഒഴിവാക്കി. ഇനി മുതൽ നിശ്ചിത തൂക്കം വരെയുള്ള ആഭരണങ്ങൾ നികുതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലെത്തിക്കാം.
| വിഭാഗം | നികുതിരഹിത പരിധി (തൂക്കം) | പഴയ സ്ഥിതി |
| സ്ത്രീകൾ | 40 ഗ്രാം | 40 ഗ്രാം അല്ലെങ്കിൽ ₹1 ലക്ഷം വരെ |
| പുരുഷന്മാർ | 20 ഗ്രാം | 20 ഗ്രാം അല്ലെങ്കിൽ ₹50,000 വരെ |
എന്തുകൊണ്ട് ഈ മാറ്റം?
2016-ലെ സ്വർണ്ണവില അടിസ്ഥാനമാക്കിയാണ് ഒരു ലക്ഷം രൂപ (സ്ത്രീകൾക്ക്), 50,000 രൂപ (പുരുഷന്മാർക്ക്) എന്ന പരിധി മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ സ്വർണ്ണവില ഗ്രാമിന് 13,000-15,000 രൂപയിലേക്ക് ഉയർന്നതോടെ, 40 ഗ്രാം സ്വർണ്ണത്തിന് 5 ലക്ഷത്തിന് മുകളിൽ വില വരുന്ന സാഹചര്യം നിലവിലുണ്ട്. പഴയ നിയമപ്രകാരം 10 ഗ്രാം സ്വർണ്ണം കൊണ്ടുവന്നാൽ പോലും അത് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുമായിരുന്നു. ഇത് വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
സംഘടനകളുടെ ഇടപെടൽ:
സ്വർണ്ണവില വർദ്ധിച്ച സാഹചര്യത്തിൽ മൂല്യം അടിസ്ഥാനമാക്കിയുള്ള പരിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. ബജറ്റിലെ ഈ തിരുത്തൽ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

