ലണ്ടൻ: ഗുരുതരമായ രോഗാവസ്ഥകളിൽ കഴിയുന്നവർക്ക് ജീവന് ഭീഷണിയായേക്കാവുന്ന അശാസ്ത്രീയ ചികിത്സാ നിർദ്ദേശങ്ങൾ നൽകിയതിന് ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണാ ശ്രീവാസ്തവയെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലിയിൽ നിന്ന് പിരിച്ചുവിട്ടു (Aparna Srivastava NHS Sacked). ഇവരുടെ ലൈസൻസ് റദ്ദാക്കുകയും സസ്‌പെൻഷൻ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. സഹപ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കീമോതെറാപ്പിയേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതെന്നായിരുന്നു അപർണയുടെ ഒരു വാദം. കൂടാതെ ദിവസവും മൂന്ന് സ്പൂൺ പച്ച വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ അകറ്റുമെന്നും ഇവർ രോഗികളോട് പറഞ്ഞു.
ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കേണ്ട സീലിയാക് (Celiac) രോഗികളോട് ഗ്ലൂട്ടൻ അടങ്ങിയ ബാർലി കഴിക്കാൻ നിർദ്ദേശിച്ചത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നു. പാർക്കിൻസൺസ് ബാധിച്ച 91 വയസ്സുകാരനോട് എഫ്.എം റേഡിയോ കേൾക്കാനും യോഗ ചെയ്യാനും നിർദ്ദേശിച്ചു. മറ്റൊരു രോഗിയോട് ഭക്ഷണത്തിന് മുമ്പ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ സംഗീതം കേൾക്കാനാണ് ഇവർ പറഞ്ഞത്.
കുണ്ഡലിനി ഊർജ്ജം ഉണർത്തുക, പ്രത്യേക ബ്രാൻഡ് ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിക്കുക, ഓരോ ഉരുള ഭക്ഷണവും 32 തവണ ചവച്ചരച്ച് കഴിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ മറ്റ് ‘കണ്ടെത്തലുകൾ’.
അധികൃതർ ചോദ്യം ചെയ്തപ്പോൾ, വാട്സാപ്പിൽ ഫോർവേഡ് ആയി ലഭിച്ച വിവരങ്ങളാണ് താൻ രോഗികൾക്ക് നൽകിയതെന്ന വിചിത്രമായ മറുപടിയാണ് അപർണ നൽകിയത്. ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന ഒരു സർക്കാർ സംവിധാനത്തിൽ ഇരുന്ന് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയത് അതീവ ഗുരുതരമായ വീഴ്ചയായാണ് എൻ.എച്ച്.എസ് കണക്കാക്കുന്നത്.
Story Summary:
The UK’s NHS has sacked and suspended Indian-origin dietitian Aparna Srivastava for prescribing unscientific “home remedies” for serious illnesses like cancer and Parkinson’s. Working at a hospital in Hull, she claimed lemon water is 1000 times more effective than chemotherapy and advised Celiac patients to consume gluten-rich barley. Her defense was that she shared information received via WhatsApp forwards. Following a colleague’s complaint, the NHS revoked her license, citing her advice as life-threatening.

