കൊൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകിയ നവജാത ശിശുവിന് അഞ്ച് മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി (Kolkata Newborn Miracle). പശ്ചിമ ബംഗാളിലെ സ്വരൂപ് നഗറിലുള്ള സ്വകാര്യ നഴ്സിംഗ് ഹോമിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്. റുബീന പർവീൺ എന്ന യുവതിയുടെ പെൺകുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയ്യാറെടുക്കുന്നതിനിടെ ജീവനോടെ കണ്ടെത്തിയത്.
ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
വ്യാഴാഴ്ച രാവിലെയാണ് റുബീന കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് 400 രൂപ ഫീസായി വാങ്ങി കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ബന്ധുക്കൾക്ക് നൽകുകയായിരുന്നു. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹമെന്ന് കരുതി വീട്ടിലെത്തിച്ച് അഞ്ച് മണിക്കൂറിന് ശേഷം, വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി പുറത്തെടുത്തപ്പോഴാണ് കുഞ്ഞ് കൈകാലുകൾ അനക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഉടനടി കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
നഴ്സിംഗ് ഹോമിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും മരണം സ്ഥിരീകരിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണം. എന്നാൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു നൽകിയതിലൂടെ കുഞ്ഞിന്റെ ജീവൻ കൂടുതൽ അപകടത്തിലാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
Story Summary:
In a shocking incident of medical negligence in West Bengal, a newborn declared dead by a private nursing home was found alive five hours later, just moments before her burial. The baby, born to Rubina Parvin, had been wrapped in plastic sheets and handed over to the family. The family discovered signs of life when they unwrapped the infant for funeral rites. Both the mother and baby are currently safe, and a police complaint has been filed against the nursing home.

