മുംബൈ: മഹാരാഷ്ട്ര മന്ത്രി നർഹരി സിർവാൾ ഉൾപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ഔദ്യോഗിക വസതിയിൽ വെച്ച് ഒരു ട്രാൻസ്ജെൻഡർ വ്യക്തിയുമായി മന്ത്രി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് മന്ത്രിപദവിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സിർവാളിന്റെ രാജി ആവശ്യപ്പെട്ടു.(Minister Narhari Zirwal’s video controversy, Opposition in Maharashtra demands his resignation)
ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ഇത്തരം പ്രവൃത്തികൾ ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും പൊതുപ്രവർത്തകർ അടിസ്ഥാനപരമായ മര്യാദകൾ പാലിക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. വീഡിയോ പകർത്തിയത് ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. എന്നാൽ ബ്ലാക്ക് മെയിലിംഗ് നടന്നാലും ഔദ്യോഗിക വസതിയിലെ ഇത്തരം പ്രവർത്തികളെ ന്യായീകരിക്കാനാവില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
ഭരണകക്ഷിയായ മഹായുതിയിലെ നേതാക്കൾ പരസ്പരം തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ദൃശ്യങ്ങൾ പുറത്തുവരുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആരോപണങ്ങൾ കത്തിപ്പടരുമ്പോഴും മന്ത്രി നർഹരി സിർവാൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

