കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിതനായ ആർ.എൻ. രവിയെ ‘ബിജെപി കേഡർ’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. രാജ്ഭവനെ ബിജെപി പാർട്ടി ഓഫീസാക്കി മാറ്റാനാണ് കേന്ദ്ര നീക്കമെന്ന് ആരോപിച്ച മമത, തമിഴ്‌നാട്ടിൽ ചെയ്തതുപോലെ ബംഗാളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.(Mamata Banerjee calls RN Ravi a ‘BJP cadre’)
ആർ.എൻ. രവി നിഷ്പക്ഷനായ ഗവർണറല്ലെന്നും ബിജെപിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് അദ്ദേഹം എത്തുന്നതെന്നും മമത കുറ്റപ്പെടുത്തി. തമിഴ്‌നാട് ഗവർണറായിരിക്കെ സർക്കാരുമായി അദ്ദേഹം പുലർത്തിയ ഭിന്നതകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
സി.വി. ആനന്ദബോസ് രാജിവെച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കടുത്ത സമ്മർദ്ദം മൂലമാണെന്ന് മമത ആവർത്തിച്ചു. ഭീഷണിപ്പെടുത്തി ഭരണം പിടിക്കാമെന്ന് ബിജെപി കരുതേണ്ടെന്നും ഇത്തരം നീക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ പതനത്തിന് വഴിതെളിക്കുമെന്നും മമത പറഞ്ഞു.

