ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ആക്രമണങ്ങളും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് മല്ലികാർജുൻ ഖാർഗെ. എക്സിലൂടെ ഉന്നയിച്ച രൂക്ഷമായ ചോദ്യങ്ങളിൽ, ഇന്ത്യയുടെ വിദേശനയം പാളിയെന്നും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Mallikarjun Kharge lashes out against PM Modi on West Asian war)
വിശാഖപട്ടണത്തെ ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിൽ അതിഥിയായി പങ്കെടുത്തു മടങ്ങിയ ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടപ്പോൾ ഒരു അനുശോചനം പോലും അറിയിക്കാൻ സർക്കാർ തയ്യാറായില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ ‘സുരക്ഷാ ദാതാവ്’ എന്ന അവകാശവാദം വെറും പ്രസംഗം മാത്രമാണോ എന്ന് ഖാർഗെ ചോദിച്ചു.
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയുള്ള 38 കപ്പലുകളിലായി 1100 നാവികർ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് പേർ മരിച്ചിട്ടും അവരെ രക്ഷിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ആരാഞ്ഞു. രാജ്യത്ത് വെറും 25 ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് സ്റ്റോക്കുള്ളത്. റഷ്യൻ എണ്ണ ഇറക്കുമതി നിർത്തലാക്കിയ സാഹചര്യത്തിൽ, എണ്ണവില കുതിച്ചുയരുമ്പോൾ സർക്കാരിന്റെ അടിയന്തര പ്ലാൻ എന്താണെന്ന് ഖാർഗെ ചോദ്യം ചെയ്തു.

