ബംഗളുരു: കർണാടകയിലെ കുടക് ജില്ലയിലുള്ള മലനിരകളിൽ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ ഐടി പ്രൊഫഷണലായ ശരണ്യ ജി.എസിനെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. വനമേഖലകളും ഉൾപ്രദേശങ്ങളും കേന്ദ്രീകരിച്ച് വനംവകുപ്പും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്.(Malayali woman goes missing while trekking in Karnataka, Search intensifies)
കൊച്ചിയിൽ നിന്ന് കുടകിലെത്തിയ ശരണ്യ നാപോക്ലുവിനടുത്തുള്ള യവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 2-ന് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറും നൽകി ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവർ ട്രക്കിംഗ് ആരംഭിച്ചത്. കാട്ടുാന ശല്യം രൂക്ഷമായ മേഖലയായതിനാൽ ഒറ്റയ്ക്ക് പോകരുതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ശരണ്യയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പത്തംഗ വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമാണ് ഇവരെ മലകയറാൻ വിട്ടത്.
വൈകുന്നേരത്തോടെ ട്രക്കിംഗ് കഴിഞ്ഞ് സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ മാത്രം മടങ്ങിയെത്തിയില്ല. ഇതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. വിവിധ വഴികളും വനത്തിനുള്ളിലെ നടപ്പാതകളും കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. ശരണ്യയെ കണ്ടെത്താനായി ഡ്രോണുകളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗശല്യം ഉള്ളത് തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

