ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്.(Major accident in Madhya Pradesh as bus and pickup van collide, 10 dead, including a child)
മധ്യപ്രദേശ് മുഖ്യമന്ത്രി പങ്കെടുത്ത 105 വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
കൂടാതെ 31 പേർക്ക് പരിക്കേൽക്കുകയും ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയും ചെയ്യുന്നു. ഇവരെ ജില്ലാ ആശുപത്രിയിലും സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജബൽപൂരിൽ നിന്ന് പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇരകൾക്കായി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

