മുംബൈ: പരീക്ഷാ ഹാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ജനലിലൂടെയും മതിൽ ചാടിക്കടന്നും കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങൾ പുറത്ത് Maharashtra Board Exam Cheating(). മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു സ്വകാര്യ ജൂനിയർ കോളേജിലാണ് സംഭവം. പരീക്ഷാ തട്ടിപ്പ് തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കുടുങ്ങിയത്.
ചൊവ്വാഴ്ച പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. പരീക്ഷാ ഹാളിന് പുറത്ത് തടിച്ചുകൂടിയ ബന്ധുക്കൾ ജനലിലൂടെ ഉത്തരങ്ങൾ എഴുതിയ പേപ്പറുകൾ അകത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. തട്ടിപ്പ് നടക്കാൻ സാധ്യതയുള്ള സെൻസിറ്റീവ് കേന്ദ്രങ്ങളിൽ ഒന്നായ ഈ കോളേജിൽ ഡ്രോൺ ഉപയോഗിച്ചാണ് അധികൃതർ നിരീക്ഷണം നടത്തിയത്. ഡ്രോൺ അടുത്തേക്ക് വരുന്നത് കാണുമ്പോൾ ജനലുകൾക്ക് സമീപം നിൽക്കുന്നവർ ഓടി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പരീക്ഷാ ക്രമക്കേടുകൾ തടയാൻ മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കുന്ന ‘കോപ്പി മുക്ത കാമ്പയിന്റെ’ (Copy-Mukt Abhiyaan) ഭാഗമായാണ് ഇത്തവണ കടുത്ത നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ കൂട്ട കോപ്പിയടി കണ്ടെത്തുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെയും പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാൽ പരീക്ഷാ കേന്ദ്രം മാറ്റുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.



