ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കെ. സുധാകരൻ പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമെടുക്കില്ലെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. സുധാകരനുമായി രാഹുൽ ഗാന്ധി ചർച്ച നടത്താനിരിക്കെയാണ് ഹൈബി ഈഡന്റെ പ്രതികരണം.(K Sudhakaran will take a decision in favour of the party, says Hibi Eden)
രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കെ. സുധാകരൻ. അദ്ദേഹം മാനിക്കുമെന്നും പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം എടുക്കില്ലെന്നും ഹൈബി ഈഡൻ വ്യക്തമാക്കി. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് ഹൈബിയുടെ നിലപാട്. എം പിമാരുടെ ഉത്തരവാദിത്വങ്ങൾ പാർലമെൻ്റിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കണ്ണൂർ സീറ്റിൽ തന്നെ പരിഗണിക്കാതിരുന്നതിലാണ് സുധാകരൻ അതൃപ്തനായിരിക്കുന്നത് എന്നാണ് വിവരം. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും ആ മണ്ഡലത്തിനായി എന്നും നിലകൊള്ളുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ചർച്ചകൾ സുധാകരനെ അനുനയിപ്പിക്കുന്നതിൽ നിർണ്ണായകമാകും.

