ലഖ്‌നൗ: സോഷ്യൽ മീഡിയയിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള 70-കാരനായ വിനോദ് കുമാർ ശർമ്മ ( Insta Uncle Vinod Kumar). ‘ഇൻസ്റ്റാ അങ്കിൾ’ (Insta Uncle) എന്ന് നെറ്റിസൺസ് സ്നേഹത്തോടെ വിളിക്കുന്ന വിനോദ് കുമാർ, തന്റെ യൂട്യൂബ് ചാനലിൽ 10,000 സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷത്തിലാണ്. സബ്‌സ്‌ക്രൈബർ കൗണ്ട് 9,999-ൽ നിന്ന് 10,000 ആകുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു.
2026 ജനുവരി 20-നാണ് വിനോദ് കുമാർ തന്റെ സോഷ്യൽ മീഡിയ യാത്ര ആരംഭിച്ചത്. വിരമിക്കൽ കാലം അർത്ഥവത്തായ രീതിയിൽ ചിലവഴിക്കണമെന്ന ആഗ്രഹത്തോടെ തുടങ്ങിയ ആദ്യ വ്ലോഗ് തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. “70-ാം വയസ്സിൽ ഞാൻ എന്റെ ആദ്യ വ്ലോഗ് നിർമ്മിക്കുന്നു” എന്ന ആമുഖത്തോടെ ലളിതമായ ശൈലിയിൽ കഥകൾ പറയുന്ന അദ്ദേഹത്തെ ആളുകൾ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. യൂട്യൂബിൽ 10,000 കടന്നതിനൊപ്പം ഇൻസ്റ്റാഗ്രാമിൽ 1.3 ലക്ഷത്തിലധികം ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്.
View this post on Instagram
തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ മുറി മുഴുവൻ ബലൂണുകളും സ്ട്രീമറുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാം. “എന്റെ കുടുംബം വലുതായിരിക്കുന്നു; ഒരു സാധാരണക്കാരന്റെ കഥ കേൾക്കാൻ യൂട്യൂബിലും 10,000 ആളുകൾ എത്തിയിരിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി,” എന്ന് അദ്ദേഹം കുറിച്ചു. പരീക്ഷണങ്ങൾക്കും ക്രിയേറ്റീവ് ജോലികൾക്കും പ്രായപരിധിയില്ല എന്നതിന്റെ തെളിവാണ് വിനോദ് കുമാറെന്ന് യൂട്യൂബ് ക്രിയേറ്റേഴ്‌സ് ഇന്ത്യയുടെ ഔദ്യോഗിക പേജും കമന്റ് ചെയ്തു.
വിനോദ് കുമാറിന്റെ സത്യസന്ധമായ അവതരണ ശൈലിയും വിനയവുമാണ് ഇത്ര ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. പുതിയ കാര്യങ്ങൾ പഠിക്കാൻ ഒരിക്കലും വൈകിയിട്ടില്ല എന്ന വലിയ സന്ദേശം കൂടിയാണ് ഈ 70-കാരൻ സമൂഹത്തിന് നൽകുന്നത്.

