ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന അയൽരാജ്യമായ ബംഗ്ലാദേശിന് കൈത്താങ്ങുമായി ഇന്ത്യ (India Bangladesh Friendship Pipeline). ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ (IBFPL) വഴി ഡീസൽ വിതരണം ഇന്ത്യ വീണ്ടും ആരംഭിച്ചു. അസമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്നുള്ള 5,000 ടൺ ഡീസൽ ചൊവ്വാഴ്ചയോടെ ബംഗ്ലാദേശിലെത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ ചെയർമാൻ മുഹമ്മദ് റൈസാനൂർ റഹ്മാൻ അറിയിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് ബംഗ്ലാദേശിനെ വെട്ടിലാക്കിയത്. തങ്ങൾക്ക് ആവശ്യമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. ഗതാഗത തടസ്സം മൂലം ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നു.
ക്ഷാമം രൂക്ഷമായതോടെ ബംഗ്ലാദേശ് സർക്കാർ ഇന്ധന വിതരണത്തിന് ക്വാട്ട നിശ്ചയിച്ചിരുന്നു ടു വീലറുകൾക്ക് പരമാവധി 10 ലിറ്റർ, കാറുകൾക്ക് പരമാവധി 40 ലിറ്റർ എന്നിങ്ങനെ ആയിരുന്നു ക്വാട്ട.
ഇന്ത്യയിൽ നിന്നുള്ള ഇന്ധനമെത്തുന്നതോടെ ഈ നിയന്ത്രണങ്ങളിൽ അയവുണ്ടാകുമെന്നും രാജ്യത്തെ ഊർജ്ജ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് ഈ അടിയന്തര ഇടപെടൽ.
Story Summary:
India has resumed diesel supply to fuel-starved Bangladesh via the India-Bangladesh Friendship Pipeline. As the Middle East conflict disrupted global shipping routes like the Strait of Hormuz, Bangladesh faced a severe energy crisis, leading to fuel rationing. 5,000 tons of diesel from Assam’s Numaligarh Refinery are expected to reach Bangladesh by Tuesday.

