ന്യൂഡൽഹി: ഇന്ത്യയ്ക്ക് യുറേനിയം വിതരണം ചെയ്യുന്നതിനും അത്യാധുനിക ആണവ സാങ്കേതികവിദ്യ കൈമാറുന്നതിനുമായി ഇന്ത്യയും കാനഡയും തമ്മിലുണ്ടാക്കിയ പുതിയ കരാറിനെതിരെ പാകിസ്ഥാൻ രംഗത്തെത്തി. ഈ കരാർ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.(India-Canada nuclear deal, Pakistan expresses serious concerns)
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മാനദണ്ഡങ്ങൾ നിലനിൽക്കെ, ഇന്ത്യയ്ക്ക് മാത്രം പ്രത്യേക ഇളവുകൾ നൽകുന്നത് അനുചിതമാണെന്ന് പാകിസ്ഥാൻ വാദിക്കുന്നു. വിദേശത്തുനിന്ന് യുറേനിയം സുഗമമായി ലഭിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര യുറേനിയം ശേഖരം പൂർണ്ണമായും സൈനിക ആവശ്യങ്ങൾക്കായി മാറ്റിവെക്കാൻ സഹായിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി പറഞ്ഞു.
ഈ കരാറിലൂടെ ഇന്ത്യയുടെ ആണവായുധ ശേഖരം വൻതോതിൽ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ഇത് അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. ദക്ഷിണേഷ്യയിലെ നിലവിലെ സൈനിക സമവാക്യങ്ങളെ അട്ടിമറിക്കുന്ന നീക്കമാണിതെന്ന് ഇസ്ലാമാബാദ് കുറ്റപ്പെടുത്തി.
ഇന്ത്യയും കാനഡയും തമ്മിൽ ദീർഘകാലത്തേക്ക് യുറേനിയം വിതരണം ചെയ്യുന്നതിനും ചെറുകിട മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയിൽ സഹകരിക്കാനും അടുത്തിടെയാണ് ധാരണയായത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ കരാറെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഇത് തള്ളിക്കളയുകയാണ്.

