ബെംഗളൂരു: തന്റെ യുക്തിസഹമായ ചിന്തകളും വിശ്വാസങ്ങളും നിയമസഭയിൽ തുറന്നുപറഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകവേയാണ്, കർമ്മസിദ്ധാന്തത്തെയും അന്ധവിശ്വാസങ്ങളെയും താൻ എതിർക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്.(I ate mutton on Shivaratri, says Karnataka Chief Minister Siddaramaiah)
ബജറ്റ് അവതരിപ്പിച്ചത് ‘രാഹുകാലത്താ’ണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുകാലത്തിന് മുൻപ് ബജറ്റ് അവതരിപ്പിക്കാൻ പലരും ഉപദേശിച്ചിരുന്നു. എന്നാൽ താൻ രാഹുകാലത്തിലോ ഗുളികകാലത്തിലോ വിശ്വസിക്കുന്നില്ല. ഒരു ജനാധിപത്യവാദി എന്ന നിലയിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇത്തരം വിശ്വാസങ്ങൾക്ക് കീഴ്പ്പെടാൻ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപും താൻ രാഹുകാലത്ത് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉത്സവനാളുകളിൽ സസ്യേതര ഭക്ഷണം ഒഴിവാക്കുന്ന രീതി തനിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. “ഉഗാദി, ശിവരാത്രി തുടങ്ങിയ ഉത്സവങ്ങളിലും ഞാൻ മാംസം കഴിക്കാറുണ്ട്. ഇത്തവണ ശിവരാത്രിക്ക് ഞാൻ ആട്ടിറച്ചി കഴിച്ചു. അതിൽ തെറ്റൊന്നുമില്ല,” അദ്ദേഹം സഭയിൽ പറഞ്ഞു. എല്ലാ ദിവസവും ഒരുപോലെയാണെന്നും പ്രത്യേക സമയക്രമങ്ങൾ ആചാരങ്ങളുടെ ഭാഗമായി അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാൽ ദൈവികതയെ സർവ്വവ്യാപിയായാണ് താൻ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദൈവം ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് യഥാർത്ഥ ഭക്തിയെന്നും യുക്തിസഹമായ ചിന്തകളാണ് സമൂഹത്തിന് ആവശ്യമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

