ഹൈദരാബാദ്: നഗരത്തിലെ പ്രശസ്തമായ താരാമതി ബരാദാരി റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയിൽ പോലീസ് നടത്തിയ റെയ്ഡിൽ ആറുപേർ പിടിയിലായി (Hyderabad Drug Party Raid). ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിങും ഗോൽക്കൊണ്ട പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. പിടിയിലായവരിൽ അഞ്ചുപേർ കഞ്ചാവും ഒരാൾ രാസലഹരിയും ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു.
റിസോർട്ടിൽ മുപ്പത്തിയഞ്ചോളം പേർ പങ്കെടുക്കുന്ന പ്രത്യേക പാർട്ടി നടക്കുന്നുണ്ടെന്നും അവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് ഈഗിൾ ടാസ്‌ക് ഫോഴ്‌സ് ഉൾപ്പെടെയുള്ള അഞ്ചു സംഘങ്ങൾ ഒരേസമയം റിസോർട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.
സർവാർ, നിഹാർ, ആഷി, യോഗേശ്വർ, അഭിനവ് എന്നിവർ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. പാർട്ടിക്കെത്തിയവർക്ക് സംഗീതം നൽകിയ ഡിജെ ജെയ്‌സൺ ആംഫെറ്റമിൻ (Amphetamine) എന്ന വീര്യമേറിയ രാസലഹരി ഉപയോഗിച്ചതായും സ്ഥിരീകരിച്ചു.
പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ വിതരണക്കാരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. ഹൈദരാബാദിലെ റിസോർട്ടുകളും ഫാം ഹൗസുകളും കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary:
The Hyderabad Narcotic Enforcement Wing and Golconda Police conducted a midnight raid at the Taramati Baradari Resort, arresting six people including a DJ for drug consumption. While five individuals tested positive for Ganja, DJ Jayson was found to have consumed Amphetamine, a synthetic drug. The raid, involving the Eagle Task Force, followed a tip-off about a private party with 35 participants. Police are now investigating the source of the drugs and plan to tighten surveillance on city resorts and farmhouses.

