പട്ന: ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിക്കുകയും ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.(Hooch death tragedy in Bihar, 5 dead; 6 people lose their eyesight)
ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ബുധനാഴ്ച മുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ആദ്യം മരിച്ചത് 25 വയസ്സുകാരനായ യുവാവാണ്. എന്നാൽ ഗ്രാമവാസികൾ ഈ വിവരം രഹസ്യമാക്കി വെക്കുകയും പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
പിന്നീട് കൂടുതൽ പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിഷമദ്യം കഴിച്ചതിനെത്തുടർന്ന് ചമ്പാരൻ ജില്ലയിലെ ആറ് പേർക്ക് കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. നിലവിൽ ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. സംസ്ഥാനത്ത് മദ്യനിരോധനം നിലനിൽക്കെത്തുടരുന്ന ഇത്തരം ദുരന്തങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

