അഹമ്മദാബാദ്: ഗുജറാത്തിലെ ഷെഹ്റ ടൗണിൽ പരീക്ഷാ ഹാളിൽ വെച്ച് വനിതാ ഇൻവിജിലേറ്ററെ മർദ്ദിച്ച മുഹമ്മദ് ഖാൻ അൻസാരി എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പിടിയിൽ (Gujarat School Violence). മർദ്ദനത്തിന് പുറമെ, അധ്യാപികയെ വീട്ടിൽ കയറി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും വിദ്യാർത്ഥിക്കും പിതാവിനുമെതിരെ പോലീസ് കേസെടുത്തു.
പ്രിലിമിനറി പരീക്ഷയ്ക്ക് വൈകിയെത്തിയ മുഹമ്മദ് ഖാനോട് അധ്യാപിക കാരണം തിരക്കി. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി “എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്” എന്ന് ആക്രോശിച്ചുകൊണ്ട് അധ്യാപികയുടെ കവിളത്തടിക്കുകയും അവരെ തള്ളിയിടുകയും ചെയ്തു. തുടർന്ന് ഇയാൾ ക്ലാസിൽ നിന്ന് ഓടിപ്പോയി.
അന്ന് തന്നെ വിദ്യാർത്ഥിയുടെ പിതാവ് സ്കൂളിലെത്തി പ്രിൻസിപ്പലിനോട് ക്ഷമാപണം നടത്തി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു.ക്ഷമാപണം നടത്തിയതിന് വിപരീതമായി, ഏതാനും ദിവസങ്ങൾക്ക് ശേഷം പിതാവും ഒരു സംഘം ആളുകളും സ്കൂളിലെത്തി അധ്യാപികയെ ഭീഷണിപ്പെടുത്തി. ഒറ്റയ്ക്ക് താമസിക്കുന്ന അധ്യാപികയെ വീട്ടിൽ കയറി ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണി.
ഭീഷണിയെത്തുടർന്ന് ഭയന്ന അധ്യാപിക പോലീസിൽ പരാതി നൽകി. ഫെബ്രുവരി മൂന്നിന് പോലീസ് കേസെടുക്കുകയും വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ വെള്ളിയാഴ്ച ജാമ്യത്തിൽ വിട്ടയച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ വലിയ പ്രതിഷേധമാണ് വിദ്യാഭ്യാസ മേഖലയിൽ ഉയരുന്നത്.

