ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മോഷണശ്രമത്തിനിടെ 15 വയസ്സുകാരൻ ഷട്ടറിനും ഭിത്തിക്കുമിടയിൽ കുടുങ്ങി (Ghaziabad Theft Attempt News). ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭയ് ഖണ്ഡിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ശനിയാഴ്ച പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മണിക്കൂറുകളോളം തലകീഴായി തൂങ്ങിക്കിടന്ന കുട്ടിയെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. പവൻ ശർമ്മയുടെ ക്ലിനിക്കിലാണ് മോഷണശ്രമം നടന്നത്. ശനിയാഴ്ച രാവിലെ ഡോക്ടർ എത്തുന്നതിന് മുന്നോടിയായി ജീവനക്കാർ ക്ലിനിക്ക് തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഷട്ടർ ഉയർത്താൻ സാധിക്കുന്നില്ലെന്ന് മനസ്സിലായത്. സൂക്ഷിച്ചു നോക്കിയ ജീവനക്കാർ ഷട്ടറിനും ഭിത്തിക്കുമിടയിലുള്ള ചെറിയ വിടവിൽ ഒരാൾ തൂങ്ങിക്കിടക്കുന്നത് കണ്ട് ഞെട്ടിപ്പോയി.
ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. പോലീസിന് ഷട്ടർ തുറക്കാൻ കഴിയാത്തതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തി ഏകദേശം 20 മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയ ഉടൻ അവശനായ കുട്ടിക്ക് ക്ലിനിക് ജീവനക്കാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും വെള്ളവും ചായയും നൽകി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്നാണ് പോലീസിന് കൈമാറിയത്.
മണിക്കൂറുകളോളം തലകീഴായി തൂങ്ങിക്കിടന്നതിനാൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ സഞ്ജയ് നഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പിടിക്കപ്പെട്ട കുട്ടിക്ക് മുൻപ് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
Story Summary:
A 15-year-old boy attempting to rob a private clinic in Ghaziabad’s Abhay Khand got trapped between the shutter and the wall for several hours. The incident at cardiologist Dr. Pawan Sharma’s clinic was discovered by staff on Saturday morning. After a 20-minute rescue operation by the fire department, the boy was freed and admitted to a government hospital in critical condition due to hanging upside down for a long duration. Indirapuram police are currently investigating the case.

