വൈശാലി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ബീഹാറിൽ 18 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി (Differently Abled Youth Killed Bihar). വൈശാലി ജില്ലയിലെ മഹ്നാറിലാണ് ഭിന്നശേഷിക്കാരനായ (സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത) കുന്ദൻ കുമാർ എന്ന യുവാവ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി ജക്കോപ്പൂർ ഗ്രാമത്തിൽ ഒരു സംഘം യുവാക്കൾ മൊബൈൽ ഫോണിൽ മത്സരം കാണുന്നതിനിടയിലാണ് സംഭവം. കുന്ദൻ കുമാറും ഇവർക്കൊപ്പം നിന്ന് കളി കാണുകയായിരുന്നു. കളിയിൽ ഒരു വിക്കറ്റ് വീണപ്പോൾ കാണികൾക്കിടയിൽ തർക്കമുണ്ടാവുകയും പ്രതിയായ കേശവ് കുമാർ താക്കൂർ കുന്ദനെ ശക്തിയായി തള്ളിവീഴ്ത്തുകയുമായിരുന്നു. റോഡിലെ ബ്രേക്കറിൽ തലയിടിച്ചു വീണ കുന്ദനെ പ്രതി ക്രൂരമായി മർദ്ദിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ കുന്ദനെ ഉടൻ തന്നെ മഹ്നാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. നില വഷളായതിനെത്തുടർന്ന് ഹാജിപൂർ സദർ ആശുപത്രിയിലേക്കും പിന്നീട് പട്ന മെഡിക്കൽ കോളേജിലേക്കും (PMCH) മാറ്റാൻ നിർദ്ദേശിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരണപ്പെടുകയായിരുന്നു. കർഷകനായ ബ്രിജ്കിഷോർ റായിയുടെ നാല് മക്കളിൽ ഏറ്റവും ഇളയവനാണ് കുന്ദൻ.
സംഭവത്തിന് പിന്നാലെ ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. എഫ്എസ്എൽ ടീം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കേശവ് കുമാർ താക്കൂറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും ഇയാളെ പിടികൂടാൻ റെയ്ഡ് തുടരുകയാണെന്നും മഹ്നാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് വേദാനന്ദൻ സിംഗ് അറിയിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്.

