റായ്പൂർ: ഛത്തീസ്ഗഡിലെ മഹാസമുണ്ട് ജില്ലയിലുള്ള പ്രശസ്തമായ ഖല്ലാരി മാതാ ക്ഷേത്രത്തിൽ റോപ്പ്‌വേ കേബിൾ പൊട്ടിവീണ് ഒരു മരണം (Chhattisgarh Ropeway Crash). നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുലർച്ചെ മുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം. ഏകദേശം 3,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലെ ക്ഷേത്രത്തിലേക്ക് ഭക്തർ സഞ്ചരിച്ചിരുന്ന റോപ്പ്‌വേ പാതിവഴിയിൽ വെച്ച് തകരുകയായിരുന്നു.
അപകടത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ 17 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമായതിനെത്തുടർന്ന് അവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് പ്രാദേശിക ആശുപത്രികളിൽ പ്രാഥമിക ശുശ്രൂഷ നൽകി. കുന്നിൻ മുകളിലേക്ക് തീർത്ഥാടകരുമായി പോയ ക്യാബിനുകൾ കേബിൾ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ അപകടം ക്ഷേത്രപരിസരത്ത് വലിയ പരിഭ്രാന്തി പരത്തി. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ആളുകൾ പരക്കം പായുന്ന സാഹചര്യമാണുണ്ടായതെന്ന് ദൃക്‌സാക്ഷികൾ വിവരിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ അറ്റകുറ്റപ്പണികളിലെ അശ്രദ്ധയാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
നവരാത്രി പോലുള്ള വിശേഷദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ റോപ്പ്‌വേ പോലുള്ള സംവിധാനങ്ങളുടെ സുരക്ഷാ പരിശോധന കൃത്യമായി നടക്കുന്നുണ്ടോ എന്ന ചോദ്യം ഈ അപകടം ഉയർത്തുന്നു. വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.
Story Summary:
A tragic ropeway accident at Khallari Mata Temple in Chhattisgarh’s Mahasamund district claimed the life of a woman and left 17 others injured during Navratri celebrations. The ropeway cable snapped while carrying pilgrims to the hilltop temple situated at 3,000 feet. Five seriously injured persons were shifted to Raipur for advanced treatment. Authorities have launched a probe to determine if the crash was caused by technical failure or maintenance negligence.

