കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാഹനം ഇടിച്ചു. ചൊവ്വാഴ്ച നടന്ന അപകടത്തിൽ വിമാനത്തിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ ഗ്രൗണ്ട് സുരക്ഷാ അവലോകനം ആരംഭിച്ചു.(Catering vehicle hits IndiGo flight at Kolkata airport)
വിമാനത്താവളത്തിലെ 51-ാം നമ്പർ ബേയിൽ വിമാനം നിർത്തിയിട്ടിരുന്ന സമയത്താണ് അപകടം നടന്നത്. കാറ്ററിംഗ് വാൻ സ്റ്റാർട്ട് ചെയ്തപ്പോൾ പെട്ടെന്ന് മുന്നോട്ട് നീങ്ങുകയും വിമാനത്തിന്റെ എൻജിനിൽ ഇടിക്കുകയുമായിരുന്നുവെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. വിമാനം ആ സമയത്ത് ചലിച്ചുകൊണ്ടിരിക്കാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിനുണ്ടായ കേടുപാടുകൾ അധികൃതർ വിലയിരുത്തി വരികയാണ്. വിശദമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ വിമാനം വീണ്ടും സർവീസിനായി വിട്ടുനൽകുകയുള്ളൂ. സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

