മുംബൈ: കുടുംബവഴക്കിന്റെയോ സാമ്പത്തിക പ്രശ്നങ്ങളുടെയോ പേരിൽ ഭർത്താവ് ആത്മഹത്യ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം ഭാര്യയുടെ മേൽ കെട്ടിവെക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). കുടുംബബന്ധങ്ങളിലെ തർക്കങ്ങൾ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.
കുടുംബവഴക്ക്, ദാമ്പത്യപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഒരാൾ ആത്മഹത്യ ചെയ്താൽ അതിൽ ഭാര്യയ്ക്കെതിരെ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി. ഒരാളെ ജീവനൊടുക്കാൻ ബോധപൂർവ്വം പ്രേരിപ്പിക്കുന്ന കൃത്യമായ ഉദ്ദേശ്യം (Mens Rea) ഉണ്ടെങ്കിൽ മാത്രമേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താൻ സാധിക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
സാധാരണ തർക്കങ്ങൾ: നിസാര കാര്യങ്ങളെച്ചൊല്ലിയുള്ള വഴക്കുകളോ, ഭർത്താവിനോട് പറയാതെ ഭാര്യ സ്വന്തം വീട്ടിൽ പോകുന്നതോ ഒന്നും ആത്മഹത്യാ പ്രേരണയായി കാണാൻ കഴിയില്ല. ഐപിസി 306-ാം വകുപ്പ് പ്രകാരം (ആത്മഹത്യാ പ്രേരണ) കേസെടുക്കണമെങ്കിൽ പ്രതിയുടെ ഭാഗത്തുനിന്ന് വ്യക്തമായ പ്രേരണാപരമായ നടപടികൾ ഉണ്ടായിരിക്കണം-കോടതി വ്യക്തമാക്കി.
2019 നവംബറിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിലാണ് വിധി. മരുമകൾ നിരന്തരം വഴക്കിടാറുണ്ടെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ആരോപിച്ച് യുവാവിന്റെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ സ്വാഭാവികമാണെന്നും അത് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നല്ലെന്നും വിലയിരുത്തി കോടതി എഫ്ഐആർ റദ്ദാക്കി.
Story Summary:
The Bombay High Court’s Nagpur Bench ruled that a wife cannot be held responsible or booked for abetment of suicide if her husband ends his life due to marital discord or financial issues. Quashing an FIR against a woman in Amravati, the court observed that ordinary matrimonial disputes or a wife visiting her parental home without consent do not constitute “instigation” under Section 306 of the IPC unless there is a clear intent to provoke the act.

