ബെംഗളൂരു: കർണാടക തലസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി (Bengaluru Drug Bust 2026). തായ്‌ലൻഡിൽ നിന്ന് ഹൈഡ്രോ കഞ്ചാവ് എത്തിച്ച സംഘവും എംഡിഎംഎ വിൽപനക്കാരും ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഇതിൽ മൂന്നുപേർ മലയാളികളാണ്.
അജ്മൽ, മജീദ് എന്നീ മലയാളികളാണ് തായ്‌ലൻഡിൽ നിന്ന് 5 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവ് എത്തിച്ചത്. ലെയ്‌സ് പാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി ഒളിപ്പിച്ചാണ് ഇവർ അതിർത്തി കടത്തി ലഹരി നഗരത്തിൽ എത്തിച്ചത്. മഹാലക്ഷ്മി ലേഔട്ടിൽ നടത്തിയ പരിശോധനയിൽ ആനന്ദ് എന്ന മലയാളി യുവാവിനെ 30 കിലോ കഞ്ചാവുമായി പിടികൂടി.
ഹെബ്ബഗോഡിയിൽ നിന്ന് ഒന്നര കോടി രൂപയുടെ എംഡിഎംഎയുമായി സെനഗൽ സ്വദേശിയായ ലഹരി വ്യാപാരി പിടിയിലായി. ഇയാൾ നേരത്തെയും സമാന കേസിൽ ജയിലിൽ കഴിഞ്ഞിട്ടുള്ളയാളാണ്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
ദീർഘകാലമായി ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തുന്ന വലിയൊരു ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. ഇവർക്ക് ലഹരി എത്തിച്ചുനൽകുന്ന ഏജന്റുമാരെയും സ്ഥിരം ഇടപാടുകാരെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.



