ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഇനത്തിലാണ് വർധന വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരും.(Air India hikes domestic fares, Setback for passengers)
ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ചുള്ള പുതിയ സർചാർജ് ഘടനയാണ് എയർ ഇന്ത്യ നടപ്പിലാക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഏകീകൃത നിരക്കിന് പകരം ഇനി മുതൽ യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ചാകും അധിക തുക നൽകേണ്ടി വരിക.
500 കിലോമീറ്റർ വരെ: ₹299
501 – 1,000 കിലോമീറ്റർ: ₹399
1,001 – 1,500 കിലോമീറ്റർ: ₹549
1,501 – 2,000 കിലോമീറ്റർ: ₹749
2,000 കിലോമീറ്ററിന് മുകളിൽ: ₹899
ഓരോ സെക്ടറിനും ഓരോ യാത്രക്കാരനും പ്രത്യേകമായാണ് ഈ തുക ഈടാക്കുക. നേരിട്ടുള്ള ഫ്ലൈറ്റിനേക്കാൾ കണക്റ്റിംഗ് ഫ്ലൈറ്റുകൾക്ക് സർചാർജ് കൂടുതലായിരിക്കും. അന്തർദേശീയ റൂട്ടുകളിലെ സർചാർജ് വർധന ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരും.
സാർക്ക് (SAARC) രാജ്യങ്ങൾ: ₹2,232 ($24)
പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റ്: ₹4,650 ($50)
സിംഗപ്പൂർ: ₹5,580 ($60)
ചൈന/തെക്കുകിഴക്കൻ ഏഷ്യ: ₹9,300 ($100)
ആഫ്രിക്ക: ₹12,090 ($130)
യൂറോപ്പ്/യുകെ: ₹19,065 ($205)
അമേരിക്ക/ഓസ്ട്രേലിയ: ₹26,040 ($280)
ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മാർച്ചോടെ 195.19 ഡോളറിലെത്തി. ഏകദേശം 100 ശതമാനം വർധനയാണ് ഒറ്റയടിക്ക് ഉണ്ടായത്. ഇന്ധനവിലയിലെ ഈ വൻ വർധനവ് ടിക്കറ്റ് നിരക്കിലൂടെ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കില്ലെന്നും, ഒരു വലിയ ഭാഗം കമ്പനി തന്നെ വഹിക്കുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും മാസങ്ങളിലും വിമാനയാത്രാ നിരക്കുകൾ ഉയർന്നേക്കാം.

