മുംബൈ: തന്റെ ആദ്യ വിവാഹമോചനത്തിന് ശേഷമുള്ള മാനസികാവസ്ഥയെക്കുറിച്ചും ആ സമയത്ത് മദ്യപാനത്തിന് അടിമയായതിനെക്കുറിച്ചും മനസ്സ് തുറന്ന് ആമിർ ഖാൻ (Aamir Khan Alcohol Struggle). ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയുമായുള്ള വേർപിരിയൽ തന്നെ ആഴത്തിൽ ബാധിച്ചുവെന്നും അതുവരെ മദ്യപിക്കാത്ത താൻ ആ രാത്രിയിലാണ് ആദ്യമായി മദ്യം തൊട്ടതെന്നും താരം വെളിപ്പെടുത്തി.
“റീനയുമായുള്ള വിവാഹമോചനത്തിന്റെ സമയം വരെ ഞാൻ മദ്യപിച്ചിരുന്നില്ല. കുട്ടികളെയുമായി അവൾ വീട്ടിൽ നിന്നും പോയ ദിവസം ഞാൻ തീർത്തും ഒറ്റയ്ക്കായിപ്പോയി. ആ സമയം എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. ചില സിനിമകളിൽ മദ്യപിച്ചതായി അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ എനിക്ക് മദ്യത്തോട് ഒട്ടും താൽപ്പര്യമില്ലായിരുന്നു.” – ആമിർ പറയുന്നു.
അതിഥികൾക്ക് നൽകാനായി വീട്ടിൽ കരുതിയിരുന്ന മദ്യമാണ് അന്ന് താൻ കുടിച്ചു തുടങ്ങിയത്. പിന്നീട് അടുത്ത ഒന്നരവർഷം എല്ലാ ദിവസവും രാത്രി ഓരോ കുപ്പി വീതം കുടിക്കുന്ന അവസ്ഥയിലേക്ക് താൻ മാറിയെന്നും അത് ഭീകരമായ മാറ്റമായിരുന്നുവെന്നും ആമിർ ഖാൻ ഓർത്തെടുത്തു.
നേരത്തെ ‘കോഫി വിത്ത് കരണിൽ’ പങ്കെടുത്തപ്പോഴും റീനയുമായുള്ള ബന്ധത്തെക്കുറിച്ച് ആമിർ സംസാരിച്ചിരുന്നു. 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചത് ഇരു കുടുംബങ്ങൾക്കും വലിയ പ്രയാസമായിരുന്നുവെങ്കിലും പരസ്പരമുള്ള സ്നേഹവും ബഹുമാനവും ഇന്നും നിലനിൽക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കി. ഈയിടെ താൻ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാണെന്ന കാര്യം ആമിർ വെളിപ്പെടുത്തുകയും അവരെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. വ്യക്തിജീവിതത്തിലെ വീഴ്ചകളിൽ നിന്നും വിഷമങ്ങളിൽ നിന്നും കരകയറി പുതിയ തുടക്കങ്ങൾക്കായി ഒരുങ്ങുകയാണ് താരം ഇപ്പോൾ.
Story Summary:
Aamir Khan has opened up about his struggle with alcohol following his divorce from his first wife, Reena Dutta. He revealed that he had never touched alcohol before the day Reena left the house with their children. Overcome by emotions and loneliness, he started drinking that night and continued to finish a bottle every night for the next year and a half. Despite their separation after 16 years of marriage, Aamir emphasized that they still maintain mutual respect. The actor recently introduced his new partner, Gauri Spratt, to the world.

