ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. 2025 നവംബർ 3-നാണ് കമ്മീഷൻ നിലവിൽ വന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന് നൽകിയിരിക്കുന്ന നിർദ്ദേശം.(8th Pay Commission, details from Timeline to salary hike and arrears explained)
2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ പുതിയ ശമ്പള പരിഷ്കരണം നിലവിൽ വരുമെന്നാണ് കരുതുന്നത്. പരിഷ്കരിച്ച വേതനവും കുടിശ്ശികയും 2026 അവസാനമോ 2027 ആദ്യമോ ജീവനക്കാർക്ക് ലഭിച്ചുതുടങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
മുൻ കമ്മീഷനുകളുടെ മാതൃക പിന്തുടരുകയാണെങ്കിൽ അടിസ്ഥാന ശമ്പളത്തിൽ 20% മുതൽ 35% വരെ വർദ്ധനവ് ഉണ്ടായേക്കാം. ഫിറ്റ്‌മെന്റ് ഫാക്ടറിൽ വരുത്തുന്ന മാറ്റങ്ങളായിരിക്കും ശമ്പള വർദ്ധനവിന്റെ തോത് നിശ്ചയിക്കുക. ശമ്പള പരിഷ്കരണം സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ നിർദ്ദേശങ്ങൾ തേടുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 18 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജീവനക്കാരുടെ സംഘടനകൾ എന്നിവർക്ക് മാർച്ച് 31 വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാം.
നേരിട്ടുള്ള നിർദ്ദേശങ്ങളും മെമ്മോറാണ്ടങ്ങളും സമർപ്പിക്കാൻ ഏപ്രിൽ 30 വരെ സമയമുണ്ട്. കമ്മീഷന്റെ ശുപാർശകൾ പൂർണ്ണമായി സമർപ്പിച്ചു കഴിഞ്ഞാൽ മാത്രമേ ഖജനാവിനുണ്ടാകുന്ന കൃത്യമായ സാമ്പത്തിക ബാധ്യത കണക്കാക്കാൻ സാധിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്.

