ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 15 ഞായറാഴ്ച രണ്ട് എയർലൈനുകളും ചേർന്ന് ആകെ 72 സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും.(72 services to West Asia today, Air India and Air India Express ready)
നിശ്ചിത ഷെഡ്യൂൾ പ്രകാരം മസ്കറ്റിലേക്കും ജിദ്ദയിലേക്കും വിമാനങ്ങൾ തുടരും. ഇന്ത്യയും ജിദ്ദയും തമ്മിൽ എട്ട് സർവീസുകൾ ഉണ്ടാകും. മസ്കറ്റിലേക്ക് വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്നായി 12 ഷെഡ്യൂൾഡ് സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളായ ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്ക് 52 അധിക (നോൺ-ഷെഡ്യൂൾഡ്) സർവീസുകൾ നടത്തും.
ഡൽഹി, മുംബൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു, ബെംഗളൂരു എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലെ വിമാനങ്ങൾ നിലവിലെ ഷെഡ്യൂൾ പ്രകാരം മാറ്റമില്ലാതെ തുടരും. സർവീസുകൾ റദ്ദാക്കിയ റൂട്ടുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക തുക നൽകാതെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാം. അതല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് നൽകുമെന്നും കമ്പനി അറിയിച്ചു.

