ന്യൂഡൽഹി: അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെപ്പോലും ഭേദിക്കാൻ ശേഷിയുള്ള ‘ശൗര്യ എൻജി’ ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വികസിപ്പിക്കുന്നു. ശബ്ദത്തേക്കാൾ ഏഴിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈൽ ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കാൻ പ്രാപ്തമാണ്.(7 times faster than sound, India to develop Shaurya NG missile)
സെക്കൻഡിൽ ഏകദേശം 2.4 മുതൽ 2.5 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന മിസൈലിന് 700 മുതൽ 1,000 കിലോമീറ്റർ വരെയാണ് ദൂരപരിധി കണക്കാക്കുന്നത്. ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്ലാസ്മ ഷീത്ത് മൂലം റേഡിയോ സിഗ്നലുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ ഇമേജിംഗ് ഇൻഫ്രാറെഡ് (IIR), ആക്ടീവ് റഡാർ എന്നിവ സംയോജിപ്പിച്ച സംവിധാനമാണ് മിസൈലിലുള്ളത്.
സാധാരണ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുൻപ് അതിവേഗത്തിൽ ദിശ മാറാൻ ശൗര്യ എൻജിക്ക് സാധിക്കും. ഇത് ശത്രുക്കളുടെ മിസൈൽ വിരുദ്ധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കും. മിസൈലിന്റെ പ്രധാന എഞ്ചിൻ വിക്ഷേപണ വാഹനത്തിനുള്ളിൽ വെച്ച് ജ്വലിപ്പിക്കാതെ, ഉയർന്ന മർദ്ദത്തിലുള്ള വാതകം ഉപയോഗിച്ച് വായുവിലേക്ക് തള്ളിയ ശേഷം മാത്രം പ്രവർത്തിപ്പിക്കുന്ന രീതിയാണിത്. ഇത് വിക്ഷേപണ വാഹനത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു.
പ്രത്യേക അറ്റകുറ്റപ്പണികൾ കൂടാതെ 15 വർഷം വരെ മിസൈൽ പ്രവർത്തനസജ്ജമായി സൂക്ഷിക്കാൻ സഹായിക്കുന്ന കാനിസ്റ്ററുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ട്രാൻസ്‌പോർട്ടർ ഇറക്റ്റർ ലോഞ്ചർ വാഹനങ്ങൾ ഉപയോഗിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. സാധാരണ സ്ഫോടക വസ്തുക്കളും ആണവായുധങ്ങളും വഹിക്കാൻ ശേഷിയുള്ള ശൗര്യ എൻജി, ആധുനിക യുദ്ധസാഹചര്യങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കരുത്തേകും.

