കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം കോട്ടയം സ്വദേശിനി സുധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി (Vyttila Murder Case). ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ പൊന്നുരുന്നി സ്വദേശി ഷാജിയാണ് പിടിയിലായത്. കുടുംബ സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകവും ഒളിപ്പിക്കാൻ നടത്തിയ ശ്രമവും
സുധയെ കുറെക്കാലമായി ഒഴിവാക്കാൻ തീരുമാനിച്ചിരുന്ന ഷാജി, കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വൈറ്റിലയിലെ വിജനമായ ട്രാക്കിന് സമീപം എത്തിച്ചതെന്ന് പോലീസ് കരുതുന്നു. വാക്കുതർക്കത്തിനിടെ സുധയുടെ തല നിലത്തിടിപ്പിച്ചും വായും മൂക്കും പൊത്തിപ്പിടിച്ചുമാണ് കൊലപാതകം നടത്തിയത്. സുധ തന്റെ ഫോൺ തകർക്കാൻ ശ്രമിച്ചതായി ഷാജി മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകം ട്രെയിൻ തട്ടിയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം പാളത്തിലേക്ക് വലിച്ചിട്ടു. എന്നാൽ ട്രെയിനുകൾ ഓടാത്ത പഴയ ട്രാക്കിലാണ് മൃതദേഹം ഇട്ടതെന്ന് പ്രതി അറിഞ്ഞില്ല. ഇതാണ് പ്രതിയെ വേഗത്തിൽ കുടുക്കാൻ സഹായിച്ചത്.
അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. സ്ഥലത്തുനിന്ന് ലഭിച്ച ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചത് സുധയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുവരും കാറിൽ വന്നിറങ്ങുന്നതും പിന്നീട് ഷാജി തനിച്ച് മടങ്ങുന്നതും കണ്ടെത്തി. കാക്കനാടുനിന്ന് ഒളിവിൽ പോകാൻ ശ്രമിക്കവെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സുധയുടെ മുഖത്ത് ഗുരുതരമായ മുറിവുകളുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് മരട് പോലീസ് അറിയിച്ചു.
Story Summary: K.V. Shaji (63), a retired High Court staff, was arrested for the murder of his family friend Sudha Baby (46) near the Vyttila railway track. Shaji allegedly killed her during an argument and placed the body on an unused railway track to fake a train accident. CCTV footage helped Kochi police nab him within hours.

