തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘വയലാർ വർഷം’ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വയലാർ ഗാനസന്ധ്യ പരമ്പരയ്ക്ക് മാനവീയം വീഥിയിൽ തിരിതെളിഞ്ഞു (Vayalar Rama Varma Memorial Trust). ഫെബ്രുവരി 11 ബുധനാഴ്ച വൈകുന്നേരം 6:30-ന് നടന്ന ചടങ്ങിൽ വയലാർ വർഷം സംഘാടക സമിതി വർക്കിംഗ് പ്രസിഡന്റ് ശ്രീ. പ്രഭാവർമ്മ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ വയലാർ വർഷത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു.
വയലാർ കവിതകളെയും ഗാനങ്ങളെയും കുറിച്ച് ടി. പി. ശാസ്തമംഗലം വിവരണം നൽകി. കാവാലം ശ്രീകുമാർ, സുമേഷ് കൃഷ്ണൻ എന്നിവർ വയലാർ കവിതകൾ ആലപിച്ച് സദസ്സിനെ ഭാവസാന്ദ്രമാക്കി. സംഘാടക സമിതി അംഗം വിവേകാനന്ദൻ സ്വാഗതവും, ട്രസ്റ്റ് സെക്രട്ടറി ബി. സതീശൻ ആമുഖ പ്രഭാഷണവും നടത്തി. എസ്. പി. മെഡിഫോർട്ട് ഹോസ്പിറ്റൽ എം.ഡി എസ്. പി. സുബ്രഹ്മണ്യം ആശംസകൾ നേർന്നു. സംഗീത സബ് കമ്മിറ്റി കൺവീനർ ജയമോഹൻ നന്ദി രേഖപ്പെടുത്തി.
ജി. ദേവരാജൻ ഫൗണ്ടേഷന്റെ ഏകോപനത്തിൽ നടന്ന ഗാനസന്ധ്യയിൽ പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, ജി. ശ്രീറാം, രാജലക്ഷ്മി, അപർണ്ണ രാജീവ് തുടങ്ങി പ്രമുഖർ വയലാറിന്റെ അനശ്വര ഗാനങ്ങൾ ആലപിച്ചു. വയലാർ രാമവർമ്മയുടെ ഗാനശേഖരത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ഗാനസന്ധ്യകൾ തുടരും.



