തിരുവനന്തപുരം: പാചകവാതക വിതരണം മുടങ്ങിയതോടെ ടെക്നോപാർക്കിലെ ഫുഡ് കോർട്ടുകളും കഫറ്റീരിയകളും അടച്ചുപൂട്ടുന്നു (Technopark WFH news LPG crisis). ഇതോടെ ജീവനക്കാർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രമുഖ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ ലഭ്യത നിലച്ചതോടെ ക്യാമ്പസിനുള്ളിലെ ഭൂരിഭാഗം റസ്റ്റോറന്റുകളും പ്രവർത്തനം നിർത്തി. നിലവിലുള്ളവ പരിമിതമായ വിഭവങ്ങൾ മാത്രമാണ് നൽകുന്നത്.
പ്രമുഖ ഐടി സ്ഥാപനമായ യുഎസ്ടി (UST) തങ്ങളുടെ ആറായിരത്തോളം വരുന്ന ജീവനക്കാർക്ക് അടുത്തയാഴ്ച മുതൽ വർക്ക് ഫ്രം ഹോം നൽകാൻ തീരുമാനിച്ചതായാണ് വിവരം. മറ്റ് ചെറുകിട, വൻകിട കമ്പനികളും സമാനമായ പാതയിലാണ്. കഴക്കൂട്ടം മേഖലയിലെ ഹോസ്റ്റലുകളിലും പിജി (PG) സൗകര്യങ്ങളിലും ഗ്യാസ് തീർന്നതോടെ താമസം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭക്ഷണം നൽകാൻ കഴിയില്ലെന്ന് ഉടമകൾ അറിയിച്ചതോടെ പല ജീവനക്കാരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
ഈ സാഹചര്യം മുതലെടുത്ത് ചില ഹോട്ടലുകൾ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി ഐടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ ആരോപിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ വിതരണത്തിലെ അനിശ്ചിതത്വം നീളുന്നത് ഐടി മേഖലയിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
Story Summary: The LPG crisis in Kerala has hit Technopark, leading many IT companies to consider Work From Home (WFH) for employees as campus food courts and hostels shut down. Major firms like UST are reportedly shifting to WFH for thousands of staff. Hostels in Kazhakoottam are struggling to provide food, and IT employees’ organization ‘Prathidhwani’ has demanded government intervention.

