ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തുന്നു (Rahul Gandhi Kerala Visit). മാർച്ച് 25-ന് കോഴിക്കോട്ട് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. രാഹുലിന് പുറമെ കോൺഗ്രസിന്റെ ദേശീയതലത്തിലുള്ള എല്ലാ മുതിർന്ന നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.
കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജനങ്ങളെ കേൾക്കുന്ന, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന, സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയാണ് കേരളം ആഗ്രഹിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജനങ്ങളുടെ ഈ അഭിലാഷത്തിന്റെ പ്രതിനിധികളാണെന്ന് അദ്ദേഹം പറഞ്ഞു.
“കേരളത്തിലെ ജനങ്ങൾ എന്റെ കുടുംബമാണ്. അവർ നൽകിയ സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു,” രാഹുൽ പറഞ്ഞു. അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളും ഊർജ്ജസ്വലരായ യുവാക്കളും ചേർന്ന മികച്ചൊരു ടീമാണ് ഇത്തവണ യു.ഡി.എഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് സർക്കാരിനൊപ്പം ചേർന്ന് കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം ചെയ്യാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ചൂടിലമർന്ന കേരളത്തിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോഴിക്കോട്ടെ റാലിക്ക് ശേഷം മറ്റ് പ്രധാന മണ്ഡലങ്ങളിലും അദ്ദേഹം പര്യടനം നടത്തും.
Story Summary:
Congress leader Rahul Gandhi is set to kick off the UDF’s election campaign in Kerala with a massive rally in Kozhikode on March 25, 2026. AICC General Secretary K.C. Venugopal confirmed that top national leaders would join the campaign. Expressing confidence in a UDF victory, Rahul Gandhi described the people of Kerala as his family and emphasized the need for a transparent government that listens to its citizens.

