പാലക്കാട്: കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെ ശക്തമായ രാഷ്ട്രീയ കടന്നാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Speech Palakkad). കൽപ്പാത്തി ക്ഷേത്രത്തെയും കേരളത്തിലെ നവോത്ഥാന നായകരെയും സ്മരിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച അദ്ദേഹം, കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പ്രധാന ആയുധമാക്കി. ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കാലത്തെ എല്ലാ കുംഭകോണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കേരളത്തിന്റെ പണം എൽഡിഎഫുകാരുടെ കീശയിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിച്ചു.
അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ കടക്കെണിയിലാണ് ഇന്ന് കേരളം. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാനം മാറിയത് ഇരുകൂട്ടരുടെയും വഞ്ചന മൂലമാണെന്ന് മോദി പറഞ്ഞു.പാലക്കാട് മണ്ഡലത്തെ ദശാബ്ദങ്ങളോളം പ്രതിനിധീകരിച്ച ഇടത്-വലത് എംഎൽഎമാർ വികസനം കൊണ്ടുവന്നില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതിന് ശേഷമാണ് പാലക്കാട് വികസിച്ചു തുടങ്ങിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ 10 വർഷമായി യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും കേരളത്തിൽ ആരംഭിച്ചിട്ടില്ല. ഇതുകാരണം കേരളത്തിലെ യുവാക്കൾക്ക് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നു.
“മാറാത്തത് ഇനി മാറും” എന്ന് പറഞ്ഞ പ്രധാനമന്ത്രി, വികസിത കേരളം സൃഷ്ടിക്കുമെന്നത് തന്റെ ഉറപ്പാണെന്ന് വ്യക്തമാക്കി. കേരളത്തിലെ യുവാക്കളുടെയും സ്ത്രീകളുടെയും വിശ്വാസം എൻഡിഎയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നിവരെ പ്രണമിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. പാലക്കാട്ടെ പരിപാടിക്ക് ശേഷം അദ്ദേഹം വൈകുന്നേരം തൃശൂരിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.
Short Story Summary:
In a fiery election speech at Palakkad, PM Narendra Modi slammed both the LDF and UDF for pushing Kerala into a debt trap of over ₹5 lakh crore. He promised that a BJP-led government would investigate the scams of both fronts and ensure the state’s development, calling it “Modi’s Guarantee.” Highlighting issues like unpaid salaries and youth migration, he claimed that progress only began in Palakkad after the BJP took power at the Centre. He concluded by paying respects to Kerala’s great social reformers and spiritual leaders.

