കോഴിക്കോട്: കേരളത്തിൽ ജനിച്ചവർ ഈ നാടിന്റെ മക്കളാണെന്നും അവരെ പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Kozhikode Speech). പൗരത്വഭേദഗതി നിയമമുണ്ടാക്കുന്ന ആശങ്കകൾ പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ‘നേറ്റിവിറ്റി കാർഡ്’ (Nativity Card) കൊണ്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത തിരഞ്ഞെടുപ്പ് റാലി കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വത്തിന്റെ പേരിൽ ആരും ഈ നാട്ടിൽ ഭയപ്പെട്ട് കഴിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
“നിങ്ങളാരാണ് എന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതിയാണ്, ഇതാ തെളിവ് എന്ന് അഭിമാനത്തോടെ കാണിക്കാൻ സംസ്ഥാനം നൽകുന്ന നേറ്റിവിറ്റി കാർഡിന് സാധിക്കും. നമ്മുടെ മണ്ണിൽ പിറന്നവർ ഈ നാടിന്റെ അവകാശികളാണ്,” മുഖ്യമന്ത്രി പറഞ്ഞു.
നിലപാടിലെ ഉറപ്പ്: പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ ഏക സർക്കാർ ഇടതുപക്ഷത്തിന്റേതാണ്. അന്ന് സംശയം പ്രകടിപ്പിച്ചവർക്ക് ഇന്ന് മറുപടി ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേറ്റിവിറ്റി കാർഡിനെ സ്വാഗതം ചെയ്യാത്ത കോൺഗ്രസിനും മുസ്ലീം ലീഗിനും ബിജെപിയെ ഭയമാണോ എന്ന് പിണറായി ചോദിച്ചു.
കഴിഞ്ഞ പത്ത് വർഷത്തെ കേരളത്തിന്റെ വികസനത്തിൽ കേന്ദ്രത്തിന് പങ്കില്ല. പ്രളയകാലത്തും വയനാട് ദുരന്തസമയത്തും കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറായില്ല. ലോകരാഷ്ട്രങ്ങൾ സഹായിക്കാമെന്ന് പറഞ്ഞിട്ടും അതിന് അനുമതി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയെയും ആർഎസ്എസിനെയും കേരളം സ്വീകരിക്കാത്തതിലുള്ള പകയാണ് കേന്ദ്രസർക്കാരിനുള്ളത്. കേരളം തകരട്ടെ എന്ന നിലപാടാണ് അവർക്കുള്ളതെന്നും ഇതിനെ തള്ളിപ്പറയാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനങ്ങളിലുള്ള വിശ്വാസവും വികസന നേട്ടങ്ങളും മുൻനിർത്തി പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Story Summary:
Chief Minister Pinarayi Vijayan asserted that no one can be expelled from Kerala and highlighted the ‘Nativity Card’ introduced by the state government as a safeguard against the Citizenship Amendment Act (CAA). Speaking at an election rally in Kozhikode, he criticized the Central government for neglecting Kerala during disasters and slammed the UDF for not supporting the Nativity Card initiative. He emphasized that the LDF faces the 2026 assembly elections with confidence in its development record.

