കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹൈബി ഈഡൻ എംപി (Pinarayi Vijayan Controversial Speech). ഇത്തരം തരംതാഴ്ന്ന പ്രയോഗങ്ങൾ മുഖ്യമന്ത്രി സ്വന്തം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നും, കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് രാഷ്ട്രീയ മര്യാദകൾക്ക് നിരക്കാത്ത പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷത്തുനിന്ന് പോരാടി അധികാരത്തിൽ വന്ന മറ്റൊരു സംസ്ഥാനത്തെ ഭരണാധികാരിയെ അധിക്ഷേപിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.
വിട്ടുമാറാത്ത അസഹിഷ്ണുതയാണ് പിണറായി വിജയന്റെ മുഖമുദ്രയെന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി. തനിക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ ശൈലിയായി മാറിയിരിക്കുകയാണ്. മറ്റൊരു മുഖ്യമന്ത്രിയോട് കാണിക്കേണ്ട പ്രാഥമികമായ ബഹുമാനം പോലും മറന്നുകൊണ്ടുള്ള സംസാരം കേരളത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വിഘാതമാണ്. തെലങ്കാനയിൽ ബിജെപി-ബിആർഎസ് അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞാണ് രേവന്ത് റെഡ്ഡി അധികാരത്തിലെത്തിയത്. ഈ പോരാട്ടം ബിജെപിയെ സഹായിക്കുന്ന സിപിഎമ്മിന് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് തങ്ങൾക്കറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ‘ഡാഷ് മോനെ’ എന്ന് വിളിച്ചത് ‘പൊന്നുമോനെ’ എന്ന അർത്ഥത്തിലാകാമെന്നും അത് മൃദുലമായ പ്രയോഗമാണെന്നുമാണ് പാർട്ടി അനുകൂലികളുടെ വാദം. എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് കളങ്കമുണ്ടാക്കുന്നതാണെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
Summary: MP Hibi Eden strongly criticized Kerala CM Pinarayi Vijayan for his “Dash Mone” remark against Telangana CM Revanth Reddy, stating such language is derogatory and unfit for a leader. Eden remarked that such comments should be kept at home and accused the CM of lacking political decency. He added that the CPM’s habit of insulting opponents reflects intolerance and harms Kerala’s dignity, especially as Revanth Reddy rose to power by defeating the BJP-BRS alliance.

