പത്തനംതിട്ട: പത്തനംതിട്ട പൊടിയാടിക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ നിയന്ത്രണം വിട്ട അപകടത്തിൽ ടിപ്പർ ഡ്രൈവർ മരിച്ചു (Pathanamthitta Road Accident). കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരണപ്പെട്ടത്. ബസ്സിലുണ്ടായിരുന്ന 24 യാത്രികർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളിക്കീഴ് പാലത്തിനും ഇടയിലായിരുന്നു അപകടം.
തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്നും വന്ന ടിപ്പർ ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർ സന്ദീപിനെ ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ബസ് യാത്രക്കാരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ 3 പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയത്തേക്ക് വലിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി. പിന്നീട് പോലീസും അഗ്നിശമന സേനയും എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
News Summary: One person was killed and 24 bus passengers were injured after a private bus collided head-on with a tipper lorry in Pathanamthitta. The deceased has been identified as the tipper driver, Sandeep (30), a native of Kottayam. The accident occurred on Friday afternoon between Podiyadi Junction and Pulikeezhu Bridge on the state highway. Sandeep, who was trapped inside the cabin of the lorry, was rescued by dismantling the vehicle using a JCB but succumbed to his injuries at the hospital. The injured passengers were rushed to Thiruvalla Taluk Hospital and Pushpagiri Medical College; none of them are in critical condition.

