ഇടുക്കി: മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി രോഷം പ്രകടിപ്പിച്ച് മുതിർന്ന സി.പി.എം നേതാവ് എം.എം. മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് (MM Mani vs Saji Cherian). മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ പ്രകോപിപ്പിച്ചത്.
മന്ത്രി തിരുവനന്തപുരത്തിരുന്ന് ഓൺലൈനായി ഉദ്ഘാടനം നടത്തുന്നതിനെ മണി പരിഹസിച്ചു. “മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്. ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തുന്നത്?” എന്ന് അദ്ദേഹം വേദിയിൽ വെച്ച് ചോദിച്ചു. തന്റെ തനതായ ശൈലിയിൽ വിമർശനം ഉന്നയിച്ച അദ്ദേഹം, ഇതൊരു പൊതുപരിപാടിയായതിനാലാണ് കൂടുതൽ കടുപ്പിക്കാത്തതെന്നും പറഞ്ഞു. മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം ഉദ്യോഗസ്ഥർക്കും സംഘാടകർക്കും നൽകി.
തന്റെ പ്രസംഗം ഒരു ‘അഭിവാദ്യ പ്രസംഗത്തിൽ’ ഒതുക്കിയ അദ്ദേഹം, ഉദ്ഘാടന പ്രസംഗം നടത്താതെ ഉടൻ തന്നെ വേദി വിടുകയും ചെയ്തു. സദസ്സിലുണ്ടായിരുന്നവർ കൈയടിയോടെയാണ് മണിയുടെ വാക്കുകളെ സ്വീകരിച്ചത്. ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രാദേശിക ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ഭരണപക്ഷത്തെ തന്നെ രണ്ട് പ്രമുഖ നേതാക്കൾ തമ്മിലുള്ള ഈ അസ്വാരസ്യം ചർച്ചയായിരിക്കുകയാണ്.
Story Summary: CPM leader M.M. Mani MLA criticized Minister Saji Cherian for inaugurating the Chenkulam fish seed farm online instead of attending in person. Mani expressed his anger on stage, stating he shouldn’t be invited to such events if ministers choose to stay in Thiruvananthapuram for inaugurations.

