കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലും പരിസരങ്ങളിലുമായി നടന്നുവരുന്ന റമളാൻ ആത്മീയ സംഗമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ ശ്രദ്ധേയമായി (Markaz Kozhikode Iftar 2026). ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിന്റെ പുണ്യം തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് മർകസിലേക്ക് ഒഴുകിയെത്തിയത്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ആത്മീയ പാത വിശ്വാസികൾ മുറുകെ പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച സംഗമത്തിൽ സകാത്ത് പഠന സംഗമം, ഖത്മ് ദുആ, ഹലാവത്തുൽ ഖുർആൻ ആസ്വാദന സദസ്സ് എന്നിവ നടന്നു. വൈകുന്നേരം നടന്ന ദൗറത്തുൽ ഖുർആൻ, അസ്മാഉൽ ബദ്ർ എന്നീ സെഷനുകൾക്കും പ്രമുഖ പണ്ഡിതർ നേതൃത്വം നൽകി.
മർകസ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിപുലമായ ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ നടന്നത്. കഴിഞ്ഞ 23 ദിവസമായി മർകസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നടന്നുവരുന്ന ഇഫ്താർ വിതരണത്തിന്റെ ഭാഗമായാണ് ഈ സംഗമം സംഘടിപ്പിച്ചത്.
സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. നോമ്പ് തുറയ്ക്ക് ശേഷം മസ്ജിദുൽ ഹാമിലിയിൽ നടന്ന പ്രത്യേക നിസ്കാരങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുത്ത ശേഷമാണ് വിശ്വാസികൾ മടങ്ങിയത്.
Story Summary: Around 3,000 believers attended the Grand Community Iftar and spiritual conference held at Markaz, Kozhikode, as part of Ramadan observances. Indian Grand Mufti Kanthapuram A.P. Aboobacker Musliyar inaugurated the event, emphasizing the importance of the spiritual path. The conference included Quran recitations, Zakat learning sessions, and mass prayers on the 25th night of Ramadan.

