സംസ്ഥാനത്തെ ഹയർ സെക്കന്ററി പരീക്ഷാ നടത്തിപ്പിൽ സുരക്ഷയും സുതാര്യതയും കൃത്യതയും വർദ്ധിപ്പിക്കുന്നതിനായി ക്യൂആർ കോഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘കൈറ്റ് – ക്യൂട്രാക്ക് ‘ മൊബൈൽ ആപ്പ് കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി . മാർച്ച് 5 മുതൽ ആരംഭിക്കുന്ന ഹയർ സെക്കന്ററി പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപ്പേപ്പർ പാക്കറ്റ് തുറക്കുന്നത് മുതൽ പരീക്ഷ പൂർത്തിയാക്കി ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പിലേക്ക് അയക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും തത്സമയം ട്രാക്ക് ചെയ്യുന്നതിനും മോണിറ്റർ ചെയ്യുന്നതിനുമായാണ് ഈ സംവിധാനം. എല്ലാ ചീഫ്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും മാർച്ച് 4-ന് മുമ്പായി ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും KITE -QTrack എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യണം.
പരീക്ഷാ ദിവസങ്ങളിൽ ചോദ്യപേപ്പർ പാക്കറ്റുകൾ അലമാരയിൽ നിന്ന് പുറത്തെടുക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും ആപ്പിലെ നിശ്ചിത ബട്ടണുകൾ ഉപയോഗിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ചോദ്യപേപ്പർ പാക്കറ്റുകൾ സ്‌കാൻ ചെയ്യുമ്പോൾ കൃത്യമായ വിഷയമല്ലെങ്കിൽ ആപ്പിൽ എറർ മെസേജ് ദൃശ്യമാകുകയും വിവരം ഉടൻ തന്നെ പരീക്ഷാ വിഭാഗത്തിൽ ഒരു ഇൻസിഡന്റ് ആയി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യും. പരീക്ഷ ആരംഭിച്ച വിവരവും അവസാനിച്ച വിവരവും നിശ്ചിത സമയത്തിനുള്ളിൽ ആപ്പിൽ രേഖപ്പെടുത്തേണ്ടതാണ്. എല്ലാ ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്കും സംസ്ഥാന തലത്തിലും മോണിറ്റർ ചെയ്യുന്നതിനുള്ള ലോഗിനുകൾ ആപ്പിൽ ക്രമീകരിച്ചിട്ടുണ്ട്.
ഹയർ സെക്കന്ററി പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് അഡ്മിഷൻ മുതൽ പരീക്ഷാഫലം പ്രസിദ്ധീകരണം വരെ മുഴുവൻ പരീക്ഷാ പ്രക്രിയയും പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യൽ ലക്ഷ്യമിട്ടുകൊണ്ട് പുതുക്കിയ പോർട്ടൽ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് വിതരണം, റീവാലുവേഷൻ, സ്‌ക്രൂട്ടിനി അപേക്ഷകൾ, മറ്റ് പരീക്ഷാനന്തര സേവനങ്ങൾ എന്നിവയും ഏകോപിതമായ ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പിലാക്കും . സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റ് സൗകര്യവും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് എല്ലാ അപേക്ഷകളും പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സമർപ്പിക്കാൻ ഇനി ഇതുവഴി സാധ്യമാകും.
ഉത്തരക്കടലാസുകൾ ക്യാമ്പുകളിലേക്ക് അയക്കുമ്പോൾ അവയുടെ ട്രാക്ക് ഐഡി, തൂക്കം, അയച്ച സമയം തുടങ്ങിയ വിവരങ്ങളും ആപ്പിൽ നൽകണം. പരീക്ഷാ വേളയിൽ ഉണ്ടാകാനിടയുള്ള ക്രമക്കേടുകൾ , സാങ്കേതിക തടസ്സങ്ങൾ തുടങ്ങിയവ അപ്പപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ആപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയൽ കൈറ്റ് വിക്ടേഴ്‌സ് യൂട്യൂബ് ചാനലിൽ ( itsvicters ) ലഭ്യമാണ്. ജില്ലാതലങ്ങളിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നാളെ മുതൽ ഓൺലൈൻ പരിശീലനം നൽകും.

