തിരുവനന്തപുരം: മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന അതീവ സങ്കീർണ്ണമായ ട്യൂമർ ബാധിച്ച യുവാവിനെ വിജയകരമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് തിരുവനന്തപുരം കിംസ്‌ഹെൽത്ത് (KIMSHEALTH). അതിനൂതനമായ ‘ക്രാനിയോഫേഷ്യൽ റീസെക്ഷൻ’ ശസ്ത്രക്രിയയിലൂടെയാണ് തമിഴ്‌നാട് സ്വദേശിയായ 19 വയസ്സുകാരൻ രോഗമുക്തി നേടിയത് (Kimshealth Trivandrum brain tumor surgery success).
മൂക്കിൽ നിന്നുള്ള അമിതമായ രക്തസ്രാവവുമായാണ് കോളേജ് വിദ്യാർത്ഥിയായ യുവാവിനെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ട്യൂമർ തലച്ചോറിലേക്ക് പടരുന്നതായി കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു. എൻഡോസ്കോപ്പിന്റെ സഹായത്തോടെ മൂക്കിലെ ട്യൂമർ നീക്കം ചെയ്തു. തുടർന്ന് മൈക്രോസ്കോപ്പ് ഉപയോഗിച്ച് മസ്തിഷ്ക ഭാഗത്തെ ബാധിച്ച എല്ലുകൾ നീക്കം ചെയ്യുകയും, നെറ്റിയിലെ എല്ലിന് പകരമായി ടൈറ്റാനിയം മെഷ് ഉപയോഗിച്ച് തലയോട്ടി പുനർനിർമ്മിക്കുകയും ചെയ്തു.
എൻഡോസ്കോപ്പിക്, മൈക്രോസ്കോപ്പിക് രീതികൾ സംയോജിപ്പിച്ച് നടത്തിയ ഈ സങ്കീർണ്ണ ശസ്ത്രക്രിയ പത്തു മണിക്കൂറോളം നീണ്ടുനിന്നു.
ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് ആർ, ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ. വിനോദ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഡോക്ടർമാരായ അബു മദൻ, നവാസ് എൻ.എസ്, ബോബി ഐപ്പ് (ന്യൂറോ സർജറി), ഡോ. സുശാന്ത് ബി (ന്യൂറോ അനസ്തേഷ്യ) എന്നിവരും ചികിത്സയുടെ ഭാഗമായി.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഏകോപനവും ആധുനിക സാങ്കേതികവിദ്യയുടെ ലഭ്യതയുമാണ് ഇത്രയും വലിയൊരു വെല്ലുവിളി വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. പത്തുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായ യുവാവ് വീട്ടിലേക്ക് മടങ്ങി.
Story Summary:
Kimshealth Trivandrum successfully performed a complex ‘Craniofacial Resection’ surgery on a 19-year-old student from Tamil Nadu. The youth was admitted with severe nasal bleeding, and diagnosis revealed a tumor spreading from the nose and sinuses to the brain lining. A multidisciplinary team led by Dr. Ajith R (Neurosurgery) and Dr. Vinod Felix (ENT) conducted the 10-hour surgery using combined endoscopic and microscopic techniques, utilizing a titanium mesh for skull reconstruction. The patient has recovered and returned home.

