കൊച്ചി: നാടക പരിശീലനത്തിനിടെ അന്തരിച്ച സംവിധായകനും നാടകപ്രവർത്തകനുമായ കെ.വി. വിജേഷിന്റെ (KV Vijesh Drama Artist) സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ ഭാര്യയും നടിയുമായ കബനി രംഗത്ത്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ വിജേഷ് ഒരുക്കിക്കൊണ്ടിരുന്ന നാടകം താനും മകളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കുമെന്ന് കബനി ഫേസ്ബുക്കിൽ കുറിച്ചു.
“വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ് ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയിൽ. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം ഒപ്പമുണ്ടെന്നറിയാം.” മരണം യാഥാർത്ഥ്യത്തിലുള്ള ഒരു നാടകമാണെന്ന് വിജേഷ് തനിക്ക് നൽകിയ പുതിയ പാഠമാണെന്ന് കബനി പറയുന്നു. ഇവിടെ മരണപ്പെട്ട നടൻ ഉടലോടെ തിരികെ വരില്ലെങ്കിലും കാണികളുടെ മനസ്സിലൂടെ അവൻ ശ്വസിക്കുമെന്നും കബനി കുറിച്ചു.
വിജേഷിന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ലോകം ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ തനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ലെന്നും ഒരു നടിയാകാൻ താൻ തീരുമാനിച്ചത് ഒരുപക്ഷേ ഈ ദിവസത്തിന് വേണ്ടിയാകുമെന്നും അവർ വികാരാധീനയായി.
തേവര സേക്രഡ് ഹാർട്ട് കോളേജിൽ വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു വിജേഷിന്റെ അന്ത്യം. കലയെയും നാടകത്തെയും അങ്ങേയറ്റം സ്നേഹിച്ച ഒരു കലാകാരന്റെ വിയോഗം നാടകലോകത്തിന് വലിയ നഷ്ടമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കലായാത്ര കബനിയിലൂടെയും മകളിലൂടെയും തുടരുമെന്ന പ്രഖ്യാപനം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

