കോഴിക്കോട്: കേരളത്തിന്റെ ഐടി ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് വമ്പൻ വികസന പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ്പ് (HiLITE Group). കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (KSITIL – കിറ്റ്ഫ്ര) സൈബർപാർക്കിന്റെയും സഹകരണത്തോടെ 570 കോടി രൂപ നിക്ഷേപത്തിലാണ് രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ ഉയരുന്നത്. ‘ഹൈലൈറ്റ് സൈബർ ടവർ’, ‘ഹൈലൈറ്റ് സൈബർ ഹബ്’ എന്നിവയാണ് പുതിയ സംരംഭങ്ങൾ (HiLITE Cyber Tower Kozhikode Cyberpark project).
സൈബർപാർക്കിനുള്ളിലെ 2.5 ഏക്കർ സ്ഥലത്ത് 28 നിലകളിലായാണ് ഈ കൂറ്റൻ സമുച്ചയം നിർമ്മിക്കുന്നത്. 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പദ്ധതിക്കായി 500 കോടി രൂപയാണ് നിക്ഷേപം. ഇതിലൂടെ മാത്രം ഏകദേശം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
70 കോടി രൂപ നിക്ഷേപത്തിൽ 1.56 ലക്ഷം ചതുരശ്ര അടിയിലാണ് സൈബർ ഹബ്ബ് ഒരുങ്ങുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ 2,500 പേർക്ക് നേരിട്ട് ഐടി മേഖലയിൽ തൊഴിൽ ലഭിക്കും.
സൗകര്യങ്ങൾ: ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ലാബുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവയ്ക്കായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.
കേരളത്തിലെ കഴിവുറ്റ യുവതലമുറയ്ക്ക് സ്വന്തം നാട്ടിൽ തന്നെ കരിയർ കെട്ടിപ്പടുക്കാൻ അവസരങ്ങൾ ഒരുക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. പദ്ധതി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും കേരളത്തെ സാങ്കേതികവിദ്യയുടെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഇത് സഹായകമാകുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് കൂട്ടിച്ചേർത്തു.
കോഴിക്കോട്ട് നടന്ന ചടങ്ങിൽ കിറ്റ്ഫ്ര എം.ഡി ഡോ. സന്തോഷ് ബാബു ഐഎഎസ്, സൈബർപാർക്ക് സി.ഒ.ഒ വിവേക് നായർ തുടങ്ങി പ്രമുഖർ പങ്കെടുത്തു. വേൾഡ് ട്രേഡ് സെന്റർ പദ്ധതിക്ക് പിന്നാലെ ഹൈലൈറ്റ് ഗ്രൂപ്പ് നടപ്പിലാക്കുന്ന ഈ പുതിയ സംരംഭങ്ങൾ മലബാറിന്റെ ഐടി മേഖലയിൽ വലിയ വിപ്ലവത്തിന് വഴിവെക്കും.
Story Summary:
The HiLITE Group has announced a major IT infrastructure development project in Kozhikode Cyberpark with a total investment of ₹570 crore. In collaboration with KSITIL (KITFRA) and Cyberpark, the group will construct ‘HiLITE Cyber Tower’ (₹500 crore, 28 floors) and ‘HiLITE Cyber Hub’ (₹70 crore). These projects are expected to generate over 12,500 job opportunities and provide world-class facilities for MNCs and startups, strengthening Kerala’s position as a prominent tech hub.

