Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaഅത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ...

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും | Aster Volunteers and Shanthi Bhavan

🎙️ Latest Podcast

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലുമായി സഹകരിച്ച് പുതിയ മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റ് ആരംഭിച്ചു (
Aster Volunteers and Shanthi Bhavan ). തിരുവനന്തപുരം ജില്ലയിലെ ആരോഗ്യസൗകര്യങ്ങൾ കുറഞ്ഞ ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ജനങ്ങൾക്കും അത്യാധുനിക വൈദ്യസഹായം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ യൂണിറ്റ് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിലുടനീളമുള്ള ആസ്റ്ററിന്റെ മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളുടെ എണ്ണം 48 ആയി ഉയർന്നു.

അത്യാധുനിക മൾട്ടി-സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആസ്റ്റർ ക്യാപിറ്റൽ ഹോസ്പിറ്റൽ ഉടൻ തന്നെ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കും. നിലവിലെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും കമ്മ്യൂണിറ്റി സംരംഭങ്ങളും താഴെത്തട്ടിലുള്ളവർക്കും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനും ഊന്നൽ നൽകുമ്പോൾ, ആസ്റ്റർ ക്യാപിറ്റൽ ഒരു സമഗ്ര ടെർഷ്യറി കെയർ ഹബ്ബായി പ്രവർത്തിക്കുകയും തിരുവനന്തപുരത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ലോകോത്തര ക്ലിനിക്കൽ വൈദ്യഗ്ധ്യവും സാമൂഹിക പ്രവർത്തനങ്ങളും ഒന്നിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ കേരളം കെട്ടിപ്പടുക്കാനുള്ള ആസ്റ്ററിന്റെ ലക്ഷ്യത്തെയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, ശാന്തിഭവൻ പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽസിന്റെ സിഇഒ ഫാ. ജോയ് കൂത്തൂർ എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു. രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും രജിസ്ട്രേഷൻ ഡെസ്ക്, പ്രാഥമിക ആരോഗ്യ വിവരങ്ങൾ ശേഖരണ കേന്ദ്രം, റഫ്രിജറേറ്റഡ് സ്റ്റോറേജ് സൗകര്യമുള്ള മിനി ലാബ്, മരുന്നുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം, ജനറൽ പ്രാക്ടീഷണർമാർക്കായുള്ള കൺസൾട്ടേഷൻ റൂം, ആരോഗ്യ വിദ്യാഭ്യാസ-ബോധവൽക്കരണ പരിപാടികൾ എന്നീ സൗകര്യങ്ങൾ അടങ്ങിയതാണ് മൊബൈൽ യൂണിറ്റ്.

ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും ചേർന്ന് ആരംഭിച്ച പദ്ധതി സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനകമായ ഒന്നായിരിക്കുമെന്നും മറ്റുള്ളവർക്ക് ഇതൊരു മാതൃകപരമായ പദ്ധതിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി ശ്രീ . കെ. രാജൻ പറഞ്ഞു.

സാമൂഹിക-സാമ്പത്തിക തടസ്സങ്ങൾ കണക്കിലെടുക്കാതെ, എല്ലാവർക്കും എവിടെയും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിൽ ഞങ്ങളുടെ പ്രതിബദ്ധത. ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുമായി സഹകരിച്ച് ഈ മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരംഭിച്ചത്, ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ ലഭിക്കുവാൻ ബുദ്ധിമുട്ടുള്ള സമൂഹങ്ങളിലേക്ക് എത്തിച്ചേരാനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമാണ്. ആസ്റ്റർ വോളണ്ടിയേഴ്‌സിലൂടെ, അവശ്യ മെഡിക്കൽ സേവനങ്ങൾ, പ്രതിരോധ പരിചരണം, ആരോഗ്യ അവബോധം എന്നിവ ഏറ്റവും ആവശ്യമുള്ളവർക്ക് നേരിട്ട് എത്തിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ വിതരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകരവും നീതിയുക്തവുമായ സമൂഹം കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ സംരംഭം.” ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് ഹെഡുമായ ടിജെ വിൽസൺ പറഞ്ഞു.

ആരോഗ്യസേവനങ്ങൾ ലഭിക്കാൻ പ്രയാസമുള്ള മേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെയും ദുരന്തനിവാരണ പ്രവർത്തനങ്ങളിലൂടെയും മികച്ച ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുന്ന സിഎസ്ആർ സംരംഭമാണ് ആസ്റ്റർ വോളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസ് (AVMMS). ഇതുവരെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 25 ലക്ഷത്തിലധികം ആളുകൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭിച്ചിട്ടുണ്ട്. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു. നിലവിൽ കേരളം, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ബീഹാർ, ഹരിയാന, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശത്തുമായി 66 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഈ ആഗോള ശൃംഖലയുടെ കീഴിൽ പ്രവർത്തിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.