ചങ്ങനാശേരി: സിനിമാതാരവും കർഷകനുമായ കൃഷ്ണപ്രസാദും സുഹൃത്തും ചേർന്ന് തന്നെ മർദിച്ചതായി പരാതിയുമായി ഡോക്ടർ രംഗത്ത് (Actor Krishna Prasad). കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ബി. ശ്രീകുമാർ (67) ആണ് ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്. ചങ്ങനാശേരി പെരുന്നയിലുള്ള പുരയിടത്തിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തനിക്ക് മർദനമേറ്റതെന്ന് ഡോക്ടർ ആരോപിക്കുന്നു. സംഭവത്തിൽ പരിക്കേറ്റ ശ്രീകുമാർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പുരയിടത്തിലെ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ഡോക്ടറുടെ ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ മതിൽ കെട്ടുന്നത് കൃഷ്ണപ്രസാദ് തടഞ്ഞിരുന്നു. തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയപ്പോൾ ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച ഡോക്ടറെ കൃഷ്ണപ്രസാദും സഹായി കൃഷ്ണകുമാറും ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കൃഷ്ണപ്രസാദ് പ്രതികരിച്ചു.
വയൽ നികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പൊതുവഴിയോട് ചേർന്നുള്ള ഓട നികത്താനുള്ള നീക്കം ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങളെ ബാധിക്കുന്ന കാര്യമായതിനാലാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി കയ്യേറ്റത്തിനെതിരെ താൻ നേരത്തെയും പരാതി നൽകിയിട്ടുണ്ടെന്നും മർദിച്ചു എന്നത് ഡോക്ടറുടെ കെട്ടിച്ചമച്ച ആരോപണമാണെന്നും താരം കൂട്ടിച്ചേർത്തു. പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Malayalam actor Krishna Prasad and his aide have been accused of assaulting a 67-year-old doctor, Dr. B. Sreekumar, over a property dispute in Changanassery. The doctor alleged that the assault occurred while he was filming a site visit by the Village Officer at his construction plot. However, Krishna Prasad denied the allegations, stating that he only questioned the illegal filling of a public drainage system and land encroachment, which affects around 40 families in the area.



