തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി നിലനിൽക്കുന്ന അതൃപ്തികളെക്കുറിച്ചുള്ള വാർത്തകളോട് സൂക്ഷ്മമായി പ്രതികരിച്ച് ശശി തരൂർ. ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ ഹൈക്കമാൻഡിനുള്ള അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ വാക്കുകൾ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ശരിയും തെറ്റുമുണ്ടാകാമെന്നും എന്നാൽ അവ പൊതു മധ്യത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.(Will tell the Congress party leadership, says Shashi Tharoor MP)
പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയും. എറണാകുളത്തെ യോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ല എന്നും തരൂർ പറഞ്ഞു.
ജയ്പൂർ ലിറ്റററി ഫെസ്റ്റിൽ നടക്കേണ്ടിയിരുന്ന പുസ്തക പ്രകാശനം രാഷ്ട്രീയ പരിപാടികൾ കാരണം മാറ്റിവെക്കേണ്ടി വന്നു. തന്റെ പുസ്തകം കേരളത്തിൽ പ്രകാശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.



