കൊച്ചി: വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് ‘അഞ്ജലി നായർ’ എന്നാക്കി മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി പി.വി.യുടെ അപേക്ഷ വരണാധികാരി തള്ളി (Anjali Nair Thrippunithura NDA). തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ ഇനി മാറ്റം വരുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിലും ‘അഞ്ജലി പി.വി.’ എന്ന് തന്നെയാകും രേഖപ്പെടുത്തുക.
ഹൈക്കോടതി നിർദ്ദേശപ്രകാരം ശനിയാഴ്ച രാവിലെ 11-ന് അഞ്ജലി നായർ വരണാധികാരിക്ക് മുൻപാകെ ഹാജരായിരുന്നു. എന്നാൽ അപേക്ഷ നിരസിച്ചു. മാർച്ച് 28-ന് നടന്ന കരട് ബാലറ്റ് പരിശോധനയിൽ സ്ഥാനാർത്ഥിയോ പ്രതിനിധിയോ എതിർപ്പുകൾ അറിയിച്ചിരുന്നില്ല. ഹോം വോട്ടിങ് ആരംഭിച്ചതിന് ശേഷം മാർച്ച് 31-നാണ് പേര് മാറ്റാൻ അപേക്ഷ നൽകിയത്.നിലവിൽ പോസ്റ്റൽ ബാലറ്റ്, ഹോം വോട്ടിങ് നടപടികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ പേര് മാറ്റിയാൽ ഒരേ മണ്ഡലത്തിൽ രണ്ട് തരം ബാലറ്റ് പേപ്പറുകൾ ഉണ്ടാകുന്ന സാഹചര്യം വരും. ഇത് ഭരണപരമായി അസാധ്യമാണെന്നും ഏപ്രിൽ 9-ന് നിശ്ചയിച്ചിട്ടുള്ള വോട്ടെടുപ്പിനെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ പേരിനൊപ്പം ചിഹ്നവും ചിത്രവും ഉള്ളതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ല. അഞ്ജലി പി.വി. അല്ലാതെ മറ്റൊരു ‘അഞ്ജലി’ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്നും വരണാധികാരി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പത്രികയിൽ അഞ്ജലി പി.വി. എന്നാണ് നൽകിയിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും താൻ ‘അഞ്ജലി നായർ’ എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നായിരുന്നു സ്ഥാനാർത്ഥിയുടെ വാദം. പ്രചാരണ പോസ്റ്ററുകളിലും മറ്റും ഇതേ പേരാണ് ഉപയോഗിച്ചത്. വോട്ടിങ് യന്ത്രത്തിലെ പേര് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അർഹമായ വോട്ട് നഷ്ടപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചത്.
ജനാധിപത്യത്തിൽ വോട്ടർക്ക് സ്ഥാനാർത്ഥിയെ മനസ്സിലാകാത്ത സാഹചര്യം ഉണ്ടാകരുതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നെങ്കിലും, സാങ്കേതികവും ഭരണപരവുമായ കാരണങ്ങളാൽ പേര് മാറ്റം അനുവദിക്കപ്പെട്ടില്ല.
Story Summary:
The returning officer for Thrippunithura rejected NDA candidate Anjali P.V.’s request to change her name to ‘Anjali Nair’ on the electronic voting machine (EVM). Despite a High Court directive to consider the plea, the official stated that election processes like home voting and postal ballots are already underway, making any changes administratively impossible. The officer noted that voters could still identify her by photo and symbol, ensuring no confusion despite her stage name being different from the one on the ballot.

