പേരാമ്പ്ര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ സിപിഐഎം പരാതി നൽകി (Fathima Thahiliya Perambra Candidate). വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചുവെന്ന് കാട്ടി സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
മണ്ഡലത്തിലെ ഒരു കുടുംബം അതിദാരിദ്ര്യത്തിലാണെന്നും കഴിഞ്ഞ 18 വർഷമായി സർക്കാർ ഇവർക്ക് വീട് നിഷേധിക്കുന്നുവെന്നും അവകാശപ്പെടുന്ന വീഡിയോ ഫാത്തിമ തഹലിയ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഈ വീഡിയോയിലെ വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം ആരോപിക്കുന്നു.
പ്രസ്തുത കുടുംബത്തിലെ ഒരംഗം ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. ലൈഫ് ഭവന പദ്ധതിയുടെ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം സർക്കാർ ജോലിയിലുള്ള അംഗങ്ങളുള്ള കുടുംബങ്ങൾ ആനുകൂല്യത്തിന് അർഹരല്ല. കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം മറച്ചുവെച്ചുകൊണ്ട്, സർക്കാർ വീട് നിഷേധിക്കുന്നു എന്ന തരത്തിൽ വീഡിയോ നിർമ്മിച്ചത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും സ്ഥാനാർത്ഥിക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നുമാണ് സിപിഐഎമ്മിന്റെ ആവശ്യം.
പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനും ഫാത്തിമ തഹലിയയും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. നേരത്തെ പ്രചാരണ വാഹനത്തിൽ നിന്നുള്ള അനൗൺസ്മെന്റുമായി ബന്ധപ്പെട്ടും മണ്ഡലത്തിൽ ഇരുമുന്നണികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. പുതിയ പരാതിയിൽ ജില്ലാ ഭരണകൂടത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാട് നിർണ്ണായകമാകും.
Story Summary:
CPIM local committee secretary Lineesh has filed a complaint with the Election Commission and the District Collector against UDF candidate Fathima Tahliya in Perambra. The complaint alleges that she circulated a misleading video claiming a family was denied a government house for 18 years due to poverty, while ignoring that a family member’s employment in the Indian Army makes them ineligible for the LIFE housing scheme. The CPIM accuses Tahliya of intentionally spreading misinformation to influence voters and demands immediate action.

