കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി (A K Saseendran Elathur candidate). ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ അധ്യക്ഷതയിൽ കോഴിക്കോട്ടെ നേതാക്കൾ അടിയന്തര യോഗം ചേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാനാണ് വിമത വിഭാഗത്തിന്റെ നീക്കം.
ജില്ലാ നേതൃത്വത്തിന്റെ വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ പരിഗണിച്ചില്ലെന്ന് മുക്കം മുഹമ്മദ് ആരോപിച്ചു. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ അധ്യക്ഷന്റെ വാക്ക് പോലും പരിഗണിച്ചില്ല അതിനാൽ പാർട്ടി വിടണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. മുതിർന്ന നേതാക്കളുമായി ആലോചിച്ച് ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം , തനിക്കെതിരെ മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ദുഃഖമുണ്ടെന്നും മുക്കം മുഹമ്മദ് വ്യക്തമാക്കി.
എന്നാൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നുമാണ് എ.കെ. ശശീന്ദ്രന്റെ പ്രതികരണം. മുക്കം മുഹമ്മദ് തന്നെയാകും പ്രചാരണത്തിന് നേതൃത്വം നൽകുകയെന്നും എലത്തൂരിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് തവണ മത്സരിക്കുകയും ഒൻപത് വർഷം മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനോട് പി.സി. ചാക്കോയ്ക്ക് യോജിപ്പില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സീറ്റ് ലഭിച്ചില്ലെങ്കിൽ ശശീന്ദ്രൻ പാർട്ടി പിളർത്തുമെന്ന ആശങ്ക മറ്റ് നേതാക്കൾക്കുണ്ടായിരുന്നു. എലത്തൂരിലെ തർക്കം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ തോമസ് കെ. തോമസ് ശ്രമിച്ചെങ്കിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ സിപിഐഎമ്മിലുണ്ടായ ടി.കെ. ഗോവിന്ദന്റെ വിമത നീക്കത്തിന് പിന്നാലെ എൻസിപിയിലുണ്ടായ ഈ പൊട്ടിത്തെറി ഇടതുമുന്നണിക്ക് വലിയ തലവേദനയാകുകയാണ്.
Story Summary:
A major rift has emerged in the NCP over A.K. Saseendran’s candidacy in the Elathur constituency. District President Mukkam Mohammed led an emergency meeting of local leaders, expressing strong dissatisfaction and threatening to withdraw from campaign activities. While Saseendran maintains that the party is united, internal reports suggest top leaders like P.C. Chacko were against his 8th candidacy. The crisis follows Chief Minister Pinarayi Vijayan’s refusal to intervene in the party’s internal candidate selection.

