ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് കൺവീനർ ഇർഷാദ് ചക്കാലശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള ഇടമല്ല തിരഞ്ഞെടുപ്പ് വേദികളെന്നും ഇർഷാദിന്റെ വാക്കുകൾ തെറ്റാണെന്നും ലിജു പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ഖേദപ്രകടനവും നടത്തി.
“ഇർഷാദിന്റെ പരാമർശം തെറ്റാണ്, അത് ഒരിക്കലും അംഗീകരിക്കാനാവില്ല. അത്തരം പ്രസ്താവനകളെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും” ലിജു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അന്തസ്സ് പാലിക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം , പരാമർശം വിവാദമായതോടെ ഇർഷാദ് ചക്കാലശേരിയും ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകൾ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാലാണ് വാക്ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും പ്രതിഭ വോട്ട് തേടുന്നതെന്നായിരുന്നു ഇർഷാദിന്റെ വിവാദ പ്രസംഗം.
നേരത്തെ യു. പ്രതിഭ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഈ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചിരുന്നു. ഖേദപ്രകടനം കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് എൽ.ഡി.എഫ് നിലപാട്. എം. ലിജു തന്നെ നേരിട്ട് രംഗത്തെത്തി പ്രസ്താവന തള്ളിയത് യു.ഡി.എഫ് ക്യാമ്പിലെ പ്രതിരോധത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
News Summary:
UDF candidate for Kayamkulam, M. Liju, has strongly condemned and distanced himself from the derogatory remarks made by UDF Mandalam Convenor Irshad Chakkalassery against LDF candidate U. Pratibha. Liju stated that election speeches should not be used for personal attacks and expressed his regret over the incident. Following the widespread backlash, Irshad Chakkalassery also issued an apology, claiming his words were misinterpreted but offering unconditional forgiveness if they caused pain. The controversy began after Irshad made comments regarding Pratibha’s physical appearance and eloquence during a campaign meet, leading to a major political row in the constituency.

