കൊച്ചി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള എൽഡിഎഫിന്റെ ആവേശകരമായ പ്രചാരണഗാനം പുറത്തിറങ്ങി (LDF election song 2026 rapper Vedan). പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ആലപിച്ച ‘ഒന്നായി തുടരാം നവകേരളത്തിലേക്ക്’ എന്ന ഗാനമാണ് ഇടതുമുന്നണി പുറത്തിറക്കിയത്. വികസന നേട്ടങ്ങളും ജനകീയ പദ്ധതികളും റാപ്പ് ശൈലിയിൽ കോർത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെയുള്ള വീടുകൾ, ദുരന്തബാധിതർക്കായി ഒരുക്കിയ വയനാട് ടൗൺഷിപ്പ് തുടങ്ങിയവ സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി ദൃശ്യങ്ങളിൽ അവതരിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, സാധാരണക്കാർ എന്നിവരെയും പ്രളയ-മണ്ണിടിച്ചിൽ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളെയും ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആധുനിക സംഗീത ശൈലിയിൽ വേടൻ തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ഗാനം ആലപിക്കുന്നത്. “കാത്തിരുന്ന കാലമേ…” എന്ന് തുടങ്ങുന്ന വരികളിലൂടെയാണ് ഗാനം വികസിക്കുന്നത്.
കഴിഞ്ഞ 2021 തിരഞ്ഞെടുപ്പിലും എൽഡിഎഫ് പുറത്തിറക്കിയ പ്രചാരണഗാനം വൻ ഹിറ്റായിരുന്നു. അന്ന് ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗായിക സിത്താര കൃഷ്ണകുമാറാണ് സംഗീതം നൽകി ആലപിച്ചിരുന്നത്. ഇത്തവണ യുവാക്കളെ ആകർഷിക്കുന്നതിനായി ജനപ്രിയമായ റാപ്പ് സംഗീതത്തെയാണ് എൽഡിഎഫ് കൂട്ടുപിടിച്ചിരിക്കുന്നത്.
പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ ഗാനം വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകും. പത്ത് വർഷത്തെ വികസന ഭരണത്തെയും യുഡിഎഫ് കാലഘട്ടത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള വരികളും ഗാനത്തിൽ ശ്രദ്ധേയമാണ്.

